ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസണിന് വന്‍ സ്വീകരണം ഒരുക്കാന്‍ കേരളാ സര്‍ക്കാര്‍

Update: 2026-03-09 06:29 GMT

തിരുവനന്തപുരം: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ച പ്രകടനങ്ങളോടെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം ഒരുക്കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നല്‍കുകയെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നാലെ ടീമിനെയും സഞ്ജുവിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. ലോകകപ്പ് വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചു ആവേശകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.



ലോകകപ്പിലെ അഞ്ചു മല്‍സരങ്ങളില്‍ നിന്ന് 321 റണ്‍സ് നേടിയ പ്രകടനമാണ് സഞ്ജുവിനെ ടൂര്‍ണമെന്റിന്റെ താരമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മല്‍സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസീലന്‍ഡിനെതിരായ ഫൈനലുലുമെല്ലാം നിര്‍ണായകമായത് സഞ്ജുവിന്റെ ഇന്നിങ്സുകളായിരുന്നു.