കേരള ക്രിക്കറ്റ് ലീഗ്; ജയത്തോടെ തുടങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്സ്; ട്രിവാന്‍ഡ്രം റോയല്‍സിന് തോല്‍വി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണിലെ ഇന്ന്(വ്യാഴം) നടന്ന രണ്ടാം മല്‍സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യം ബാറ്റുചെയ്ത ട്രിവാന്‍ഡ്രം റോയല്‍സിനെ 97 റണ്‍സില്‍ ഒതുക്കിയ കൊച്ചി, മറുപടി ബാറ്റിങ്ങില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: അദാനി ട്രിവാന്‍ഡ്രം റോയല്‍സ് -97/ 10 (20 ഓവര്‍). കൊച്ചി ബ്ലൂ ടൈഗേഴ്സ് - 99/ 2 (11.5 ഓവര്‍).
മൂന്നുവീതം വിക്കറ്റുകള്‍ പിഴുത അഖിന്‍ സത്താറും മുഹമ്മദ് ആഷിഖുമാണ് കൊച്ചിയുടെ വിജയശില്പികളില്‍ പ്രധാനിമാര്‍. ക്യാപ്റ്റന്‍ സാലി വിശ്വനാഥിന്റെ അര്‍ധ സെഞ്ചുറിയും (50) ടീമിന്റെ ആധികാരിക ജയത്തില്‍ നിര്‍ണായകമായി. മുഹമ്മദ് ഷാനു (23) ക്യാപ്റ്റന് മികച്ച കൂട്ടായി നിന്നു. വിനൂപ് മനോഹരന്‍ (14), ജോബിന്‍ ജോബി (8) എന്നിവരും ടീമിന്റെ ജയത്തില്‍ ഭാഗഭാക്കായി. ടീമിന്റെ ശ്രദ്ധേയ താരമായ സഞ്ജു സാംസണ്‍ അഞ്ചാമനായാണ് ബാറ്റുചെയ്യേണ്ടിയിരുന്നത് എന്നതിനാല്‍ ക്രീസില്‍ ഇറങ്ങേണ്ടിവന്നില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യപന്തില്‍ത്തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണറും വിക്കറ്റ് കീപ്പറുമായ സുബിന്‍ എസ്. റണ്ണൗട്ടായി മടങ്ങി. ആദ്യ നാലുവിക്കറ്റുകളില്‍ മൂന്നുപേരും റണ്ണൗട്ടായാണ് പുറത്തായത്. ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് (11), ഗോവിന്ദ് ദേവ് പൈ (3) എന്നിവരാണ് റണ്ണൗട്ടായ മറ്റു ബാറ്റര്‍മാര്‍. അഭിജിത്ത് പ്രവീണ് 28 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി.
സ്‌കോര്‍ ബോര്‍ഡില്‍ 22 റണ്‍സ് ചേര്‍ക്കുന്നതിനിടെതന്നെ ട്രിവാന്‍ഡ്രത്തിന്റെ അഞ്ചുപേര്‍ പുറത്തായി. ബേസില്‍ തമ്പി (20), അബ്ദുല്‍ ബാസിത്ത് (17) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുപേര്‍. കൊച്ചിക്കായി അഖിന്‍ നാലോവറില്‍ 13 റണ്‍സ് നേടിയാണ് മൂന്ന് വിക്കറ്റുകള്‍ പിഴുതതെങ്കില്‍, മൂന്നോവറില്‍ 14 റണ്‍സ് വിട്ടുനല്‍കിയാണ് ആഷിഖ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. കെ.എം. ആസിഫിന് ഒരു വിക്കറ്റ് നേടി.
