കെസിഎല്‍; ആലപ്പി റിപ്പിള്‍സിനെ അനായാസം വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ് രണ്ടാമത്

Update: 2025-09-01 15:05 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ അനായാസം വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്. ജയത്തോടെ 10 പോയിന്റുമായി അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ നാലു വിക്കറ്റ് ജയമാണ് തൃശൂര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് കണ്ടെത്തിയത്. തൃശൂര്‍ 19.2 ഓവറില്‍ ആറു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റണ്‍സെടുത്തു ജയമുറപ്പിച്ചു. 

49 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷോണ്‍ ജോര്‍ജാണ് തൃശൂരിന്റെ ടോപ് സ്‌കോറര്‍. രോഹിത് കെആര്‍ 30 റണ്‍സെടുത്തു. അവസാന ഘട്ടത്തില്‍ 5 പന്തില്‍ 16 റണ്‍സടിച്ച് അജിനാസ് ജയം വേഗത്തിലാക്കി.  നേരത്തെ നാലു ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത സിബിന്‍ ഗിരീഷിന്റെ മികച്ച ബൗളിങാണ് ആലപ്പിയെ വെട്ടിലാക്കിയത്. വിനോദ് കുമാര്‍ രണ്ടു വിക്കറ്റെടുത്തു. 49 റണ്‍സെടുത്ത അക്ഷയ് ടികെയാണ് ആലപ്പിയുടെ ടോപ് സ്‌കോറര്‍. അഭിഷേക് നായര്‍ 22 റണ്‍സും ശ്രീരൂപ് എംപി 24 റണ്‍സും കണ്ടെത്തി.




Tags: