കെസിഎല്‍; ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് തൃശൂര്‍ ടൈറ്റന്‍സ്; ആനന്ദ് കൃഷ്ണനും അഹമദ് ഇമ്രാനും സെഞ്ചുറി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ആലപ്പി റിപ്പിള്‍സിനെ തകര്‍ത്തെറിഞ്ഞ് തൃശൂര്‍ ടൈറ്റന്‍സ്. ആലപ്പി ഉയര്‍ത്തിയ 152 റണ്‍സ് വിജയ ലക്ഷ്യം തൃശൂര്‍ അനായാസം മറികടന്നു. അവര്‍ ഏഴ് വിക്കറ്റ് വിജയമാണ് ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് സ്വന്തമാക്കി. തൃശൂര്‍ 16.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 152 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും അഹമദ് ഇമ്രാനും ചേര്‍ന്ന സഖ്യം സ്വപ്ന തുല്ല്യമായ തുടക്കമാണ് ടീമിനു നല്‍കിയത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി വിജയത്തിനു അടിത്തറയിട്ടാണ് മടങ്ങിയത്. ഓപ്പണിങില്‍ 121 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്.
ആനന്ദ് 39 പന്തില്‍ 5 സിക്സും 2 ഫോറും സഹിതം 63 റണ്‍സെടുത്തു. അഹമദ് ഇമ്രാന്‍ 44 പന്തില്‍ 8 ഫോറുകള്‍ സഹിതം 61 റണ്‍സും കണ്ടെത്തി. അക്ഷയ് മനോഹര്‍ (10), എകെ അര്‍ജുന്‍ (1) എന്നിവര്‍ കൂടുതല്‍ നഷ്ടമില്ലാതെ ടീമിനു ജയം സമ്മാനിച്ചു. 7 റണ്‍സെടുത്ത ഷോണ്‍ റോജറാണ് പുറത്തായ മറ്റൊരാള്‍.ആലപ്പിക്കായി വിഘ്നേഷ് പുത്തൂര്‍ രണ്ട് വിക്കറ്റെടുത്തു. ശ്രീഹരി നായര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും നായകനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ അര്‍ധ സെഞ്ചുറിയുമായി ആലപ്പിയെ കാത്തു. താരം 38 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും സഹിതം 56 റണ്‍സെടുത്തു.
23 പന്തില്‍ 30 റണ്‍സെടുത്തു പുറത്താകാതെ നിന്ന ശ്രീരൂപാണ് പൊരുതിയ മറ്റൊരാള്‍. താരം 3 ഫോറും ഒരു സിക്സും തൂക്കി. മറ്റാരും കാര്യമായി തിളങ്ങിയില്ല. തൃശൂരിനായി സിബിന്‍ എസ് ഗിരീഷ് 4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ആനന്ദ് ജോസഫ് രണ്ട് വിക്കറ്റെടുത്തു.
