റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ജിതേഷ് ശര്‍മ നയിക്കും; സഞ്ജുവിനെ ഒഴിവാക്കി
മുംബൈ: ഈ മാസം നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമായി.
പതിനാലുകാരന്‍ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയെ ഓപ്പണറായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി വെടിക്കെട്ട് ബാറ്റിങുമായി തിളങ്ങിയ പ്രിയാന്‍ഷ് ആര്യയാണ് ടീമിലെ മറ്റൊരു ഓപ്പണര്‍. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമാന്‍ ധിര്‍ ആണ് വൈസ് ക്യാപ്റ്റന്‍. മുംബൈ താരം സൂര്യാന്‍ഷ് ഷെഡ്‌ഗെ, നെഹാല്‍ വധേര, രമണ്‍ദീപ് സിങ് എന്നിവരും ടീമിലുണ്ട്. അഭിഷേക് പോറെല്‍ ആണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. അഞ്ച് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒമാനും യുഎഇയും പാകിസ്താന്‍ എ ടീമും ഉള്‍പ്പെടുന്ന ഗ്രൂപ്പ ബിയിലാണ് ഇന്ത്യന്‍ ടീം. 14ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മല്‍സരം. 16നാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. 18ന് ഒമാനെ ഇന്ത്യ നേരിടും. 21ന് സെമി ഫൈനല്‍ പോരാട്ടങ്ങളും 23ന് ഫൈനലും നടക്കും.
ഇന്ത്യന്‍ എ ടീം
പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവന്‍ഷി, നെഹല്‍ വധേര, നമന്‍ ധിര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യന്‍ഷ് ഷെഡ്ഗെ, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിംഗ്, ഹര്‍ഷ് ദുബെ, അശുതോഷ് സിംഗ് ശര്‍മ, യാഷ് താക്കൂര്‍, ഗുര്‍ജപ്നീത് സിങ്, വിജയകുമാര്‍ വൈശാഖ്, അഭിഷേക് പോറെല്‍ , സുയാഷ് ശര്‍മ്മ, യുദ്ധ്വീര്‍ സിങ് ചരക്.
സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: ഗുര്‍നൂര്‍ സിംഗ് ബ്രാര്‍, കുമാര്‍ കുശാഗ്ര, തനുഷ് കൊടിയന്‍, സമീര്‍ റിസ്വി, ഷെയ്ക് റഷീദ്.
