ജമ്മു കശ്മീര്‍ ചാംപ്യന്‍സ് ലീഗ്; ഫലസ്തീന്‍ പതാക പതിച്ച ഹെല്‍മറ്റ് ധരിച്ച് താരത്തിന് വിലക്ക്, അന്വേഷണം
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ചാംപ്യന്‍സ് ലീഗിലെ ക്രിക്കറ്റ് മല്‍സരത്തിനിടെ താരം ഫലസ്തീന്‍ പതാക പതിച്ച ഹെല്‍മെറ്റ് ധരിച്ച് മൈതാനത്തെത്തിയത് വിവാദമായി. ചിത്രം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായതോടെ നടപടിയുമായി അധികൃതര്‍ രംഗത്തെത്തി. ക്രിക്കറ്റ് താരത്തെ ലീഗില്‍ നിന്ന് വിലക്കിയതായും റിപോര്‍ട്ടുകളുണ്ട്. ഫുര്‍ഖാന്‍ ഭട്ട് എന്ന കളിക്കാരനാണ് ഫലസ്തീന്‍ പതാകയുള്ള ഹെല്‍മെറ്റ് ധരിച്ച് മല്‍സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. വീഡിയോ വൈറലായതോടെ ജമ്മു കശ്മീര്‍ പോലിസ് കൂടുതല്‍ അന്വേഷണത്തിനായി കളിക്കാരനെ വിളിപ്പിച്ചു. ഇക്കാര്യത്തില്‍ പോലിസില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തുവന്നിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി സംഘാടകനായ സാഹിദ് ഭട്ടിനെയും പോലിസ് ചോദ്യം ചെയ്തു. അതേസമയം, ടൂര്‍ണമെന്റുമായി യാതൊരു ബന്ധവുമില്ലെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ജെകെസിഎ) വ്യക്തമാക്കി. ലീഗ് തങ്ങളുടെ ബാനറില്‍ സംഘടിപ്പിക്കപ്പെട്ടതല്ലെന്നും ഫുര്‍ഖാന്‍ ഭട്ടിന് ജെകെസിഎയുമായി ബന്ധമില്ലെന്നും അസോസിയേഷന്‍ പറഞ്ഞു. ലീഗുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ജെകെസിഎ അറിയിച്ചു.