കാര്യവട്ടത്ത് കസറി ഇഷാന്‍ കിഷനും അര്‍ഷ്ദീപും; ഇന്ത്യക്ക് കിവികള്‍ക്കെതിരേ വമ്പന്‍ ജയം
തിരുവനന്തപുരം: സ്വന്തം നാട്ടില്‍ സഞ്ജു സാംസണ്‍ നിരാശ സമ്മാനിച്ചെങ്കിലും ഇഷാന്‍ കിഷനും അര്‍ഷ്ദീപ് സിങ്ങും തിളങ്ങിയതോടെ ന്യൂസീലന്‍ഡിനെതിരായ കാര്യവട്ടം ട്വന്റി-20-യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. 46 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 19.4 ഓവറില്‍ 225 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പ് ഒരുക്കം ഗംഭീരമാക്കി.
നാല് ഓവറില്‍ 51 റണ്‍സ് വഴങ്ങിയെങ്കിലും അഞ്ചു വിക്കറ്റെടുത്ത അര്‍ഷ്ദീപാണ് കിവീസിനെ തകര്‍ത്തത്. അക്ഷര്‍ പട്ടേല്‍ 33 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ടിം സെയ്ഫേര്‍ട്ടിനെ (5) നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഫിന്‍ അലന്‍ - രചിന്‍ രവീന്ദ്ര സഖ്യം ഇന്ത്യയെ വിറപ്പിച്ചു. 48 പന്തില്‍ നിന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യം പിരിച്ചത് അക്ഷര്‍ പട്ടേലായിരുന്നു. 38 പന്തില്‍ നിന്ന് 80 റണ്‍സെടുത്ത അലന്‍ അപകടകാരിയായി മാറുമ്പോഴായിരുന്നു അക്ഷറിന്റെ വരവ്. ആറ് സിക്സും എട്ട് ഫോറുമടങ്ങുന്നതായിരുന്നു അലന്റെ ഇന്നിങ്സ്. പിന്നാലെ അപകടകാരിയായ ഗ്ലെന്‍ ഫിലിപ്സിനെയും (7) മടക്കിയ അക്ഷര്‍ കിവീസിനെ പ്രതിരോധത്തിലാക്കി.
തുടര്‍ന്ന് 12-ാം ഓവറില്‍ രചിന്‍ രവീന്ദ്രയേയും മിച്ചല്‍ സാന്റ്നറേയും (0) മടക്കിയ അര്‍ഷ്ദീപ് സിങ് കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കി. 17 പന്തില്‍ നിന്ന് 30 റണ്‍സെടുത്താണ് രചിന്‍ മടങ്ങിയത്. രണ്ട് വീതം സിക്സും ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഡാരില്‍ മിച്ചല്‍ 12 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത് പുറത്തായി. ബെവോണ്‍ ജേക്കബ്സ് (7), കൈല്‍ ജാമിസണ്‍ (9), ലോക്കി ഫെര്‍ഗൂസന്‍ (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. വാലറ്റത്ത് തകര്‍ത്തടിച്ച ഇഷ് സോധി 15 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു.
നേരത്തേ കാര്യവട്ടത്ത് ബാറ്റിങ് വിരുന്നൊരുക്കി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും അഭിഷേക് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചപ്പോള്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അടിച്ചെടുത്തത് 271 റണ്‍സായിരുന്നു. 23 സിക്‌സറുകളാണ് ഇന്ത്യന്‍ താരങ്ങള്‍ കാര്യവട്ടത്തെ ഗാലറിയിലെത്തിച്ചത്.
ഇഷാന്‍ കിഷന്റെ സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിലെ പ്രത്യേകത. 42 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച ഇഷാന്‍ 43 പന്തില്‍ നിന്ന് 103 റണ്‍സെടുത്താണ് മടങ്ങിയത്. 10 സിക്‌സും ആറ് ഫോറുമടങ്ങിയതായിരുന്നു ഇന്നിങ്‌സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ സഞ്ജുവിനെ നഷ്ടമായി. പരമ്പരയില്‍ വീണ്ടും നിരാശപ്പെടുത്തിയ സഞ്ജു ആറു പന്തില്‍ നിന്ന് ആറു റണ്‍സെടുത്ത് മടങ്ങി. എന്നാല്‍ അഭിഷേക് പതിവ് വെടിക്കെട്ട് തുടര്‍ന്നു. വൈകാതെ 16 പന്തില്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 30 റണ്‍സെടുത്ത് അഭിഷേകും മടങ്ങി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനും സൂര്യയും ഒന്നിച്ചതോടെ പിന്നീട് സിക്‌സറുകളുടെ പെരുമഴയാണ് സ്റ്റേഡിയം കണ്ടത്. വെറും 57 പന്തില്‍ നിന്ന് 137 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പരമ്പരയിലെ മൂന്നാം അര്‍ധ സെഞ്ചുറി നേടിയ സൂര്യ 30 പന്തില്‍ 63 റണ്‍സെടുത്ത് മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. ആറ് സിക്‌സറുകള്‍ പറത്തിയ സൂര്യ നാല് ഫോറുമടിച്ചു. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുമൊത്ത് ഇഷാന്‍ വെറും 18 പന്തില്‍ നിന്ന് 48 റണ്‍സ് ഇന്ത്യന്‍ സ്‌കോറില്‍ ചേര്‍ത്തു. 17 പന്തുകള്‍ നേരിട്ട ഹാര്‍ദിക് നാല് സിക്‌സും ഒരു ഫോറുമടക്കം 42 റണ്‍സെടുത്തു.

