ഐ പി എല്‍; വാര്‍ണര്‍-സാഹാ വെടിക്കെട്ടില്‍ ഡല്‍ഹിയെ തകര്‍ത്ത് ഹൈദരാബാദ്

88 റണ്‍സിന്റെ ജയമാണ് സണ്‍റൈസേഴ്‌സ് നേടിയത്. ഇതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി.

Update: 2020-10-27 18:13 GMT


ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ 88 റണ്‍സിന്റെ ജയമാണ് സണ്‍റൈസേഴ്‌സ് നേടിയത്. ഇതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി. 220 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹിയെ 131 റണ്‍സിന് ഹൈദരാബാദ് പിടിച്ചുകെട്ടുകയായിരുന്നു. ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹി ഇന്നിങ്‌സ് അവസാനിച്ചത്. ഋഷഭ് പന്ത് (36), രഹാനെ (26), ദേഷ്പാണ്ഡെ (20) എന്നിവരാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നവര്‍. ബാക്കിയുള്ള താരങ്ങള്‍ എല്ലാം പെട്ടെന്ന് പുറത്തായി. നാല് ഓവറില്‍ ഏഴ് റണ്‍സ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം നേടിയ നടരാജന്‍, സന്ദീപ് ശര്‍മ്മ എന്നിവരാണ് ഡല്‍ഹി ബാറ്റിങ് നിരയെ തകര്‍ത്തത്.


നേരത്തെ ടോസ് ലഭിച്ച ഡല്‍ഹി ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. വാര്‍ണറും (66) വൃദ്ധിമാന്‍ സാഹയും (87) നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരബാദ് 219 റണ്‍സെടുത്തു. ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ വൃദ്ധിമാന്‍ സാഹ 45 പന്തില്‍ നിന്നാണ് 87 റണ്‍സെടുത്തത്. 34 പന്തില്‍ നിന്നാണ് വാര്‍ണര്‍ 66 റണ്‍സെടുത്തത്. മനീഷ് പാണ്ഡെ 44 റണ്‍സെടുത്തു.




Tags:    

Similar News