ഐപിഎല്‍; സഞ്ജു വീണ്ടും ഫ്‌ളോപ്പ് ചെന്നൈക്ക് തോല്‍വി, ബെംഗളൂരുവിന് 43 റണ്‍സ് ജയം
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടാണ് ചെന്നൈയുടെ തോല്‍വി. 43 റണ്‍സിന്റെ ജയമാണ് ആര്‍സിബി നേടിയത്. 251 റണ്‍സിന്റെ ലക്ഷ്യത്തിലേക്കിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഓപ്പണിങില്‍ ഇറങ്ങിയ സഞ്ജു സാംസണ്‍(9), ഗെയ്ക്ക് വാദ്(7), ആയുഷ് മാത്രേ (1) എന്നിവര്‍ക്ക് ഫോം കണ്ടെത്താനായില്ല. സര്‍ഫറാസ് ഖാന്‍(50), പ്രശാന്ത് വീര്‍ (43), ജാമി ഓവര്‍ടോണ്‍(37) എന്നിവരാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്.
ചിന്നസ്വാമിയിലെ ബാറ്റിങ് പറുദീസയില്‍ സഞ്ജുവില്‍ നിന്ന് മികച്ചൊരു ഇന്നിങ്‌സ് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് താരത്തില്‍ നിന്നുണ്ടായത്. 251 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും സഞ്ജുവും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കുമെന്നായിരുന്നു ചെന്നൈ ആരാധകര്‍ പ്രതീക്ഷിച്ചത്. റുതുരാജ് സിക്‌സ് അടിച്ചു തുടങ്ങിയെങ്കിലും അടുത്ത പന്തില്‍ സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന് അനായാസ ക്യാച്ച് നല്‍കി പുറത്തായി.
നിര്‍ണായക മല്‍സരത്തില്‍ ജേക്കബ് ഡിഫിയുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ നിരുത്തരവാദപരമായി ബാറ്റ് വെച്ച് ക്യാച്ചിംഗ് പ്രാക്ടീസ് നല്‍കുന്നതുപോലെ റുതുരാജ് പുറത്തായത് ചെന്നൈ ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. അപ്പോഴും അവരുടെ പ്രതീക്ഷ സഞ്ജു സാംസണിലായിരുന്നു. ലോകകപ്പിലെ സഞ്ജുവിന്റെ വീറുറ്റ പോരാട്ടങ്ങള്‍ തന്നെയായിരുന്നു ആര്‍സിബി സ്‌കോര്‍ മറികടക്കാനാവുമെന്ന അവരുടെ പ്രതീക്ഷകള്‍ക്ക് കാരണം. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ആയുഷ് മാത്രെ മൂന്നാം നമ്പറിലെത്തിയതോടെ സഞ്ജു ഫോമിലാവുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു.
എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് സമ്മാനിച്ച് മാത്രെയും മടങ്ങി. ഇതോടെ ഭുവിയെറിഞ്ഞ രണ്ടാം ഓവറില്‍ ഒരു പന്ത് പോലും നേരിടാന്‍ സഞ്ജുവിനായില്ല. ആ ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് സര്‍ഫറാസ് ഖാന്‍ പ്രതീക്ഷ കാത്തു. ജേക്കബ് ഡഫിയെറിഞ്ഞ മൂന്നാം ഓവറില്‍ ആദ്യ പന്തില്‍ തന്നെ സഞ്ജു ഉയര്‍ത്തയടിച്ച പന്ത് ക്യച്ചാകാതെ പോയത് ഭാഗ്യത്തിനായിരുന്നു. പിന്നീട് നേരിട്ട നാലാം പന്തില്‍ ഡഫിക്കെതിരെ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ തകര്‍പ്പനൊരു സിക്‌സ് പറത്തി പ്രതീക്ഷ നല്‍കിയ സഞ്ജു അടുത്ത പന്തില്‍ മടങ്ങി.
ക്യാപ്റ്റന്‍ റുതുരാജിന്റെ പുറത്താകലിന് സമാനമായി ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ച സഞ്ജുവിനെ സ്ലിപ്പില്‍ മറ്റൊരു മലയാളി താരമായി ദേവ്ദത്ത് പടിക്കല്‍ അനായാസം കൈയിലൊതുക്കി. ഇത്തവണയും രണ്ടക്കം കടക്കാനായില്ലെന്ന് മാത്രമല്ല 10 പന്ത് പോലും തികച്ച് ക്രീസില്‍ നില്‍ക്കാനും സഞ്ജുവിനായില്ല. സഞ്ജു പുറത്തായതിന് പിന്നാലെ കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ് നിരാശയോടെ മുഖം മറക്കുന്നതും കാണാമായിരുന്നു. തുടര്‍ച്ചയായി മൂന്ന് കളികളിലും നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി ചെന്നൈ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ അടിച്ചെടുത്തത് 250 റണ്‍സാണ്. ബാറ്റെടുത്തവരെല്ലാം കൂറ്റനടികളുമായി കളം വാണതോടെയാണ് അവര്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. എല്ലാവരും സിക്സുകളും തൂക്കി. 19 സിക്സുകളാണ് സ്വന്തം തട്ടകത്തില്‍ ആര്‍സിബി ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.
ടി ഡേവിഡാണ് വന്‍ ആക്രമണം അഴിച്ചുവിട്ടത്. ജാമി ഓവര്‍ടന്‍ എറിഞ്ഞ 19ാം ഓവറില്‍ 30 റണ്‍സാണ് ടിം ഡേവിഡ് വാരിയത്. 6, 2, 4, 6, 6, 6 ആണ് ഈ ഓവറില്‍ ഡേവിഡ് തൂക്കിയത്. ക്യാപ്റ്റന്‍ രജത് പടിദാറും സമാന മൂഡിലായിരുന്നു.
ടിം ഡേവിഡ് 25 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്തു. താരം 8 സിക്സും 3 ഫോറും സഹിതമാണ് 70ല്‍ എത്തിയത്. പടിദാര്‍ 19 പന്തില്‍ 6 സിക്സും ഒരു ഫോറും സഹിതം 48 റണ്‍സും സ്വന്തമാക്കി. ഇരുവരും പുറത്താകാതെ നിന്നു. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 30 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 46 റണ്‍സ് നേടി. വിരാട് കോഹ്ലി 18 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 28 റണ്‍സ് നേടി. ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ചുറി നേടി. താരം 29 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 50 റണ്‍സ് വാരി.

