ഐപിഎല്‍; ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ കളിപ്പിച്ചാല്‍ സ്റ്റേഡിയം കയ്യേറുമെന്ന് ഉജ്ജയിനിയിലെ ഹിന്ദുമത നേതാക്കളുടെ ഭീഷണി

Update: 2025-12-29 06:26 GMT

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ കളിപ്പിച്ചാല്‍ ഐപിഎല്‍ മല്‍സരങ്ങള്‍ തടസ്സപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മത നേതാക്കളുടെ ഭീഷണി. ബംഗ്ലാദേശില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രാദേശിക പുരോഹിതര്‍ ഭീഷണിയുമായി രംഗത്തെത്തിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് മുസ്തഫിസുര്‍. മിനി ലേലത്തില്‍ 9.20 കോടിക്കാണ് കെകെആര്‍ താരത്തെ സ്വന്തമാക്കിയത്.

മുസ്തഫിസുറിനെ കളിപ്പിക്കുന്ന പക്ഷം മല്‍സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകടക്കുമെന്നാണ് റിന്മുക്തേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ മഹാവിര്‍ നാഥ് ഉള്‍പ്പെടെയുള്ളവര്‍ ഭീഷണി മുഴക്കിയത്. പിച്ചുകള്‍ തകര്‍ക്കുമെന്നും മതനേതാക്കള്‍ ഭീഷണി മുഴക്കുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടിട്ടും ബിസിസിഐയും മറ്റ് അധികാരികളും വിഷയത്തില്‍ നിശ്ശബ്ദത പാലിക്കുന്നുവെന്നും താനും തന്റെ ആളുകളും ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പരസ്യ പ്രസ്താവന നടത്തി.

കൂടുതല്‍ മത സംഘടനകളും മഹാവിര്‍ നാഥിനോടൊപ്പം പ്രതിഷേധങ്ങളില്‍ ചേരാന്‍ ഒരുങ്ങുന്നതായാണ് വിവരം. മാത്രമല്ല സാമൂഹികമാധ്യമങ്ങളിലടക്കം മുസ്തഫിസുറിനെ ടീമിലെടുത്തതില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്. കെകെആര്‍ ടീമിനെതിരേ ബഹിഷ്‌കരണാഹ്വാനമടക്കം നടക്കുന്നുണ്ട്. വിഷയത്തില്‍ ബിസിസിഐ പ്രതികരിച്ചിട്ടില്ല. ഐപിഎല്‍ ലേലത്തില്‍ കരാര്‍ ലഭിച്ച ഏക ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് മുസ്തഫിസുര്‍.

ബംഗ്ലാദേശിലെ മൈമെന്‍സിങ് നഗരത്തിലെ ഭലൂകയില്‍ തുണി നിര്‍മാണശാല ജീവനക്കാരനായ ദിപു ചന്ദ്രദാസ് എന്ന യുവാവിനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. അതോടെ ഇന്ത്യയിലും പ്രതിഷേധങ്ങളുണ്ടായി. ജമീര്‍ഡിയ ദുബാലിയപാറ ഭാഗത്താണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് ഭീഷണി.





Tags: