ഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക് തിരിച്ചടി

Update: 2025-06-01 15:06 GMT

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്വാളിഫയര്‍ രണ്ടില്‍ വില്ലനായി മഴ. ടോസിന് ശേഷം മഴയെത്തിയതോടെ പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം വൈകി. താരങ്ങള്‍ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് മഴയെത്തിയത്. അതേസമയം ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ്ങാണ് തിരഞ്ഞെടുത്തത്. നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മല്‍സരം. ജയിക്കുന്ന ടീം ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. നേരത്തേ ക്വാളിഫയര്‍ മല്‍സരം ഈഡന്‍ ഗാര്‍ഡന്‍സിലാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്ത് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.

മഴ കാരണം മല്‍സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പണികിട്ടുക മുംബൈ ഇന്ത്യന്‍സിനാണ്. എന്തെങ്കിലും കാരണവശാല്‍ രണ്ടാം ക്വാളിഫയര്‍ മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പോയന്റ് പട്ടികയില്‍ മുന്നിലുള്ള ടീമാണ് ഫൈനലിലേക്ക് മുന്നേറുക. ലീഗ് ഘട്ടത്തില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബായിരുന്നു പോയന്റ് പട്ടികയില്‍ ഒന്നാമത്. നാലാം സ്ഥാനക്കാരായാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ഇതിനാല്‍ത്തന്നെ മല്‍സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പഞ്ചാബ്, ആര്‍സിബിയുമായി ഫൈനല്‍ കളിക്കും.

ഇനി മഴ കളി തടസപ്പെടുത്തിയാല്‍ ബിസിസിഐയും ഐപിഎല്‍ ഭരണസമിതിയും മല്‍സരം പൂര്‍ത്തിയാക്കാനായി അധികമായി ഒരു മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. ഇതോടെ മത്സര പൂര്‍ത്തീകരണത്തിന് അധികം സമയം ലഭിക്കും. രണ്ടാം ക്വാളിഫയറിന് റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല. നിലവില്‍ ഫൈനല്‍ മല്‍സരത്തിന് മാത്രമേ റിസര്‍വ് ദിനമുള്ളൂ.ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ബാറ്റിങ് തകര്‍ച്ച നേരിട്ടാണ് പഞ്ചാബ് കീഴടങ്ങിയത്.



Tags: