ജയ്പൂര്‍: ഐപിഎല്‍ പ്ലേ ഓഫിന് മുന്‍പുള്ള അവസാന മല്‍സരവും ജയിച്ച് പഞ്ചാബ് കിങ്‌സ് ടേബിള്‍ ടോപ്പിലെത്തി. മുംബൈക്കെതിരായ മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 9 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ജയത്തോടെ പഞ്ചാബ് 19 പോയിന്റുമായി ഒന്നാമതെത്തി. 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് രണ്ടാമത്. ഒരു മത്സരം കൂടി ബാക്കിയുള്ള ആര്‍.സി.ബി 17 പോയിന്റുമായി മൂന്നാമതുണ്ട്. 16 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു.
35 പന്തില്‍ 62 റണ്‍സെടുത്ത ഓപണര്‍ പ്രിയാന്‍ഷ് ആര്യയുടേയും 42 പന്തില്‍ 73 റണ്‍സെടുത്ത ജോഷ് ഇംഗ്ലീസിന്റെയും ഇന്നിങ്‌സാണ് പഞ്ചാബിന് അനായസ വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. പ്രഭ്‌സിംറാന്‍ 13 റണ്‍സെടുത്ത് പുറത്തായി. മുംൈബക്ക് വേണ്ടി മിച്ചല്‍ സാന്റര്‍ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റുമെടുത്തു.
39 പന്തില്‍ 57 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ മികവിലാണ് മുംബൈ നേരത്തെ പൊരുതാവുന്ന സ്‌കോറിലെത്തിയത്. താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട ഓപണര്‍മാരായ റിയാന്‍ റിക്കില്‍ട്ടനും (27) രോഹിത് ശര്‍മയും (24) പുറത്തായതോടെ സൂര്യകുമാര്‍ യാദവാണ് ബാറ്റിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഒരു റണ്‍സെടുത്ത് തിലക് വര്‍മയും 17 റണ്‍സെടുത്ത് വില്‍ ജാക്‌സും കാര്യമായ ചെറുത്ത് നില്‍പിന് ശ്രമിക്കാതെ മടങ്ങി.
15 പന്തില്‍ 26 റണ്‍സെടുത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും 12 പന്തില്‍ 20 റണ്‍സെടുത്ത് നമന്‍ ധിറും സൂര്യ കുമാറിന് മികച്ച പിന്തുണ നല്‍കിയകോടെ ടീം സ്‌കോര്‍ പൊരുതാവുന്ന നിലയിലെത്തി. ഇന്നിങ്‌സിലെ അവസാന പന്തിലാണ് 57 റണ്‍സെടുത്ത സൂര്യകുമാര്‍ മടങ്ങുന്നത്. അര്‍ഷദീപ് സിങ്, മാര്‍കോ ജാന്‍സന്‍, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
