ഐപിഎല്‍; തിരിച്ചടിയായി താരങ്ങളുടെ പരിക്ക്

Update: 2026-03-18 07:54 GMT

ന്യൂഡല്‍ഹി: വരുന്ന മാര്‍ച്ച് 28ന് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ആവട്ടെ പേസര്‍മാരായ ഹര്‍ഷിത് റാണയും മതീഷ പാതിരാനയും പരുക്കില്‍ നിന്നും മോചിതരായിട്ടില്ല.മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങള്‍ മൂലം ടീമില്‍ നിന്നും ഒഴിവാക്കി. പകരം സിംബാബ്വെന്‍ താരം ബ്ലസിങ് മുസരബാനിയെയാണ് ടീമിലെടുത്തിരിക്കുന്നത്.

വൈഭവ് അറോറ, ആകാശ് ദീപ് അടക്കമുള്ള പേസര്‍മാര്‍ കോല്‍ക്കത്തയ്ക്കുള്ളതിനാല്‍ താരങ്ങളുടെ പരുക്ക് ടീമിനെ അത്രമേല്‍ ബാധിക്കില്ല. അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പരുക്ക് ഇതുവരെ ഭേദമായിട്ടില്ല. താരം എപ്പോള്‍ കായികക്ഷമത വീണ്ടെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനാല്‍ ഇഷാന്‍ കിഷന് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണില്‍ കന്നി കിരീടം നേടിയ ആര്‍സിബിയില്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് പരുക്ക് മൂലം ഐപിഎല്ലിലെ ആദ്യ ഘട്ട മല്‍സരങ്ങള്‍ നഷ്ടമാകും. പകരമായി ന്യൂസിലന്‍ഡ് താരം ജേക്കബ് ഡഫിയായിരിക്കും കളിക്കുക. ഭുവനേശ്വര്‍ കുമാറിനും യശ് ദയാലിനുമൊപ്പം ഡഫി എത്തുന്നതോടെ ആര്‍സിബി ബൗളിങ് നിര ശക്തമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.