ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ ജയം, തകര്‍പ്പന്‍ സെഞ്ചുറിയുമായി സഞ്ജു സാംസണിന്റെ തിരിച്ചുവരവ്
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ സീസണ്‍ 2026ലെ ആദ്യ ജയം. സഞ്ജു സാംസണിന്റെ സെഞ്ചുറി ഹൈലൈറ്റായ മല്‍സരത്തില്‍ 23 റണ്‍സിനാണ് ചെന്നൈയുടെ ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേയാണ് സിഎസ്‌കെയുടെ ജയം. മറുപടി ബാറ്റിങില്‍ 20 ഓവറില്‍ 189 റണ്‍സെടുത്ത് ഡല്‍ഹി ഓള്‍ഔട്ടായി.ഡല്‍ഹിക്കായി നിസംങ്ക 41 ഉം സറ്റബസ് 60 റണ്‍സെടുത്തതൊഴിച്ചാല്‍ ബാക്കിയുള്ള താരങ്ങള്‍ക്ക് ആര്‍ക്കും ഫോം കണ്ടെത്താനായില്ല.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി.ചെപ്പോക്കില്‍ ഡല്‍ഹിക്കെതിരേ വെടിക്കെട്ട് പ്രകടനവുമായി സഞ്ജു തിളങ്ങി. 56 പന്തില്‍ താരം 115 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 26 പന്തില്‍ ഫിഫ്റ്റി തികച്ച താരം 52 പന്തില്‍ സെഞ്ചുറിയും നേടി. കഴിഞ്ഞ മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയ താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഡല്‍ഹിക്കെതിരായ ഇന്നിങ്സ്. ആദ്യ ഓവറില്‍ തന്നെ ബൗണ്ടറിയോടെയാണ് സഞ്ജു തുടങ്ങിയത്. ഓവറില്‍ താരം എട്ട് റണ്‍സ് കണ്ടെത്തി. പിന്നാലെ മുകേഷ് കുമാര്‍ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന രണ്ട് പന്തുകളും സഞ്ജു ബൗണ്ടറി നേടി. തുടര്‍ന്നുള്ള രണ്ട് ഓവറുകളിലും ഫോറുകളുമായി കളം നിറഞ്ഞ മലയാളി താരം നാലോവറില്‍ ടീമിനെ 40 റണ്‍സിലെത്തിച്ചു. ആ ഘട്ടത്തില്‍ 12 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയതും സഞ്ജുവായിരുന്നു.
പവര്‍പ്ലേയിലെ ശേഷിക്കുന്ന രണ്ടോവറുകളിലും താരം റണ്‍സ് കണ്ടെത്തി. കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ ശ്രദ്ധയോടെ ബൗണ്ടറികള്‍ നേടിയാണ് സഞ്ജു ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. ഒന്‍പതാം ഓവറില്‍ സഞ്ജു അമ്പത് കടന്നു. 26 പന്തിലാണ് ഫിഫ്റ്റി. ഒരു സിക്‌സര്‍ പോലും നേടാതെയായിരുന്നു താരത്തിന്റെ ഫിഫ്റ്റി.
ഫിഫ്റ്റിക്ക് ശേഷം ട്രാക്ക് മാറ്റിയ സഞ്ജു ഡല്‍ഹി ബൗളര്‍മാരെ പലകുറി അതിര്‍ത്തികടത്തി. 11-ാം ഓവറില്‍ ചെന്നൈ സ്‌കോര്‍ നൂറുകടന്നു. ആയുഷ് മാത്രെയുമായി ചേര്‍ന്ന് സഞ്ജു തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി പ്രതിരോധത്തിലായി. 12-ാം ഓവറില്‍ 16 റണ്‍സും 13-ാം ഓവറില്‍ 11 റണ്‍സുമാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ആയുഷ് മാത്രെയെ ഒരുവശത്തുനിര്‍ത്തി സഞ്ജു സ്‌കോറുയര്‍ത്തി. അതോടെ സഞ്ജു സെഞ്ചുറിക്കരികിലെത്തി. 16 ഓവര്‍ അവസാനിക്കുമ്പോള്‍ ടീം 168-1 എന്ന നിലയിലായിരുന്നു. സഞ്ജു 95 റണ്‍സെന്ന നിലയിലും. പിന്നാലെ താരത്തിന്റെ സെഞ്ചുറിയുമെത്തി. 18-ാം ഓവറില്‍ താരം മൂന്നക്കം കടന്നു.ആയുഷ് മാത്രേ 36 പന്തില്‍ 59 റണ്‍സെടുത്തു.
