സണ്‍റൈസേഴ്‌സ് പ്രതീക്ഷകള്‍ അവസാനിച്ചു; അവസാന ഓവര്‍ ത്രില്ലറില്‍ പഞ്ചാബ്

29 പന്തില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയാണ് ഹോള്‍ഡല്‍ 47 റണ്‍സെടുത്തത്.

Update: 2021-09-25 18:09 GMT


ദുബയ്: പ്രീമിയര്‍ ലീഗില്‍ കൈയ്യെത്തും ദൂരത്ത് ജയം കൈവിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തില്‍ ജേസണ്‍ ഹോള്‍ഡര്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിട്ടും ഹൈദരാബാദിന് രക്ഷയില്ല. 126 റണ്‍സെന്ന ചെറിയ ടോട്ടല്‍ പിന്‍തുടരാനും സണ്‍റൈസേഴ്‌സ് നിരയ്ക്കായില്ല. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്ത് എസ്ആര്‍എച്ച് ഇന്നിങ്‌സ് അവസാനിപ്പിച്ചു. അവസാന പന്തില്‍ ഹോള്‍ഡര്‍ സിക്‌സര്‍ പറത്തി മല്‍സരം സമനിലയിലാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും എല്ലിസിന്റെ പന്തില്‍ ഒരു റണ്ണെടുക്കാനെ ഹോള്‍ഡര്‍ക്ക് സാധിച്ചുള്ളൂ.


29 പന്തില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയാണ് ഹോള്‍ഡര്‍ 47 റണ്‍സെടുത്തത്. തോല്‍വിയോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ജയത്തോടെ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. വൃദ്ധിമാന്‍ സാഹ(31) ഒഴിച്ച് മറ്റൊരു താരത്തിന് സണ്‍റൈസേഴ്‌സിനായി ഫോം കണ്ടെത്താനായില്ല.


പഞ്ചാബിന് വേണ്ടി രവി ബിഷ്‌ണോയി മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടി. ടോസ് ലഭിച്ച ഹൈദരാബാദ് പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. എയ്ഡന്‍ മാര്‍ക്രം (27), രാഹുല്‍ (21), ഹര്‍പ്രീത് ബ്രാര്‍(18) എന്നിവരാണ് കിങ്‌സ് ഇലവനായി രണ്ടക്കം കടന്നവര്‍. പഞ്ചാബിനെതിരേ തകര്‍പ്പന്‍ ബൗളിങാണ് ഹൈദരാബാദ് കാഴ്ചവച്ചത്. ബാറ്റിങില്‍ മിന്നിയ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, അബ്ദുല്‍ സമദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.




Tags:    

Similar News