ഐപിഎല്‍ ഫൈനല്‍; ടോസ് കൊല്‍ക്കത്തയ്ക്ക്; ചെന്നൈക്ക് ബാറ്റിങ്

ഇരുടീമും കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെയാണ് നിലനിര്‍ത്തിയത്.

Update: 2021-10-15 14:08 GMT


ദുബയ്: ഐപിഎല്‍ 14ാം സീസണിന്റെ ഫൈനലില്‍ ടോസ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്. ടോസ് ലഭിച്ച കൊല്‍ക്കത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങിനയച്ചു. ഇരുടീമും കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെയാണ് നിലനിര്‍ത്തിയത്. ചെന്നൈയുടെ സുരേഷ് റെയ്‌നയും കൊല്‍ക്കത്തയുടെ ആന്ദ്രെ റസ്സലും തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇരുവരെയും ഒഴിവാക്കി തന്നെയാണ് ടീമിനെ നിലനിര്‍ത്തിയത്.

തകര്‍പ്പന്‍ ഫോമില്‍ കളിച്ചാണ് ഇരുടീമും ഫൈനലില്‍ എത്തിയത്. ഒന്നാം ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്നാണ് ധോണിപ്പട എത്തുന്നത്. എലിമിനേറ്ററില്‍ ബാംഗ്ലൂരിനെയും രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെയും വീഴ്ത്തിയാണ് ഇയാന്‍ മോര്‍ഗന്റെ ടീം വരുന്നത്. 2012ലും 2014ലും ആണ് കൊല്‍ക്കത്ത കിരീടം നേടിയത്. ഫൈനലില്‍ കടന്ന രണ്ട് തവണയും കിരീടം നേടിയ ഭാഗ്യം കെകെആറിനൊപ്പമാണ്.

2010, 2011, 2018 വര്‍ഷങ്ങളിലാണ് ചെന്നൈ കിരീടം ഉയര്‍ത്തിയത്. 2008, 2012, 2013, 2015 വര്‍ഷങ്ങളില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടും കിരീടം നഷ്ടപ്പെട്ടവരാണ് ചെന്നൈ. നിലവിലെ ഫോമില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. വിജയസാധ്യത ഇരുടീമിനും പ്രവചിക്കാം. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ജയം ടീമിനൊപ്പമാക്കാനുള്ള താരനിര ഇരുടീമിനും ഉണ്ട്. 2014ലിന് ശേഷം ആദ്യമായി ഫൈനലില്‍ എത്തിയത് നൈറ്റ് റൈഡേഴ്സ് കിരീടം നേടാനുള്ള അവസരം കളയാതെ സൂക്ഷിക്കും.




Tags:    

Similar News