ട്വന്റി-20 ലോകകപ്പ്; വിന്‍ഡീസ് വെടിക്കെട്ടില്‍ മങ്ങിയത് ഇന്ത്യന്‍ പ്രതീക്ഷകള്‍; ഇനി വന്‍ മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ പുറത്ത്
ചെന്നൈ: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ സിംബാബ ്വെയെ 107 റണ്‍സിനാണ്് വിന്‍ഡീസ് തകര്‍ത്തത്. അട്ടിമറി വിജയം നേടിയിരുന്ന സിംബാബ് വെയ്ക്ക് വെസ്റ്റ് ഇന്‍ഡീസുമായി പൊരുതി നില്‍ക്കാന്‍ പോലും കഴിയാതെയാണ് കീഴടങ്ങിയത്. പക്ഷെ കരീബിയന്‍ സംഘത്തിന്റെ ഈ വിജയം ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ്.
സൂപ്പര്‍ 8ലെ സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ മല്‍സരത്തില്‍ 76 റണ്‍സിന് പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ എത്തണമെങ്കില്‍ ഇനിയുള്ള രണ്ട് മല്‍സരങ്ങളിലും വിജയിച്ചിരിക്കണം. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിക്കാന്‍ നിലവിലെ ഇന്ത്യന്‍ ടീമിന് കഴിയുമോ എന്നതാണ് പ്രധാന സംശയം. മൂന്ന് മല്‍സരങ്ങള്‍ മാത്രമുള്ള ഗ്രൂപ്പില്‍ മല്‍സരഫലം എപ്പോഴും മാറി മറിഞ്ഞു വരാം.
ചിലപ്പോള്‍ രണ്ട് ടീമുകള്‍ക്ക് 4 പോയിന്റ് വരെ ലഭിക്കാനും സാധ്യതയുണ്ട്. ആ ഘട്ടത്തില്‍ നെറ്റ് റണ്‍ റേറ്റ് പരിഗണിച്ചാകും സെമിഫൈനലില്‍ എത്തേണ്ട ടീമിനെ തീരുമാനിക്കുക. ആദ്യ മല്‍സരത്തിലെ തോല്‍വിയോടെ ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് -3.800 ആയിട്ടുണ്ട്. മികച്ച വിജയം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസിന്റെ റണ്‍ റേറ്റ് +5.350 ആണ്. ഇനി വരാനിരിക്കുന്ന രണ്ട് മല്‍സരങ്ങളിലും ഇന്ത്യ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ റണ്‍ റേറ്റില്‍ മുകളില്‍ എത്താന്‍ സാധിക്കൂ.
അത് മാത്രം പോരാ, ഇന്ത്യ രണ്ട് മല്‍സരങ്ങള്‍ ജയിച്ചാലും പ്രശ്‌നങ്ങള്‍ തീരില്ല. ദക്ഷിണാഫ്രിക്കയും ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ജയിക്കുകയും വേണം. അങ്ങനെ വന്നാല്‍ ദക്ഷിണാഫ്രിക്ക ആറ് പോയിന്റുമായും ഇന്ത്യ നാല് പോയിന്റുമായും സെമിയില്‍ പ്രവേശിക്കാം. ദക്ഷിണാഫ്രിക്ക ഇനി കരീബിയന്‍ സംഘത്തോട് തോറ്റാല്‍ പിന്നെ കണക്കിലെ കളികള്‍ നോക്കിയാകും ഇന്ത്യയുടെ സെമി പ്രവേശനം.
