ഇന്ത്യയുടെ വെടിക്കെട്ട് താരം അഭിഷേക് ശര്‍മ ആശുപത്രിയില്‍, അടുത്ത മല്‍സരം കളിക്കില്ല, പകരം സഞ്ജുവിന് സാധ്യത

Update: 2026-02-11 06:55 GMT

ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് പുരോഗമിക്കവെ ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടിയായി സൂപ്പര്‍താരം അഭിഷേക് ശര്‍മയുടെ ആരോഗ്യ പ്രശ്നങ്ങള്‍. വയറിലെ അണുബാധയെത്തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ വ്യാഴാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നമീബിയയ്ക്കെതിരെ നടക്കുന്ന ട്വന്റി-20 ലോകകപ്പ് മല്‍സരത്തില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലായി. കഴിഞ്ഞ രണ്ട് ദിവസമായി അഭിഷേക് ആശുപത്രിയില്‍ ചികില്‍സയിലാണെന്നാണ് റിപോര്‍ട്ടുകള്‍.

'വയറിലെ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഭിഷേകിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശ്നം കണ്ടെത്താനായി ചില പരിശോധനകള്‍ നടത്തിവരികയാണ്. അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും നമീബിയയ്ക്കെതിരായ മല്‍സരത്തില്‍ അദ്ദേഹം കളിക്കാനുള്ള സാധ്യത നിലവില്‍ കുറവാണ്,' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു.

അതേസമയം, ഫെബ്രുവരി 15-ന് കൊളംബോയില്‍ ചിരവൈരികളായ പാകിസ്താനെതിരെ നടക്കുന്ന വലിയ മല്‍സരത്തിന് മുന്‍പായി താരം സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. ഞായറാഴ്ച മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ ഒരുക്കിയ വിരുന്നില്‍ ശര്‍മ്മ പങ്കെടുത്തിരുന്നെങ്കിലും മറ്റ് താരങ്ങളേക്കാള്‍ നേരത്തെ അദ്ദേഹം അവിടെ നിന്നും മടങ്ങിയിരുന്നു. അഭിഷേക് ശര്‍മ്മ പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്താന്‍ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും കൂടി എടുക്കുമെന്നാണ് റിപോര്‍ട്ട്. രോഗബാധിതനായ താരത്തെ ധൃതിപ്പെട്ട് തിരികെ കൊണ്ടുവരാന്‍ ടീം മാനേജ്മെന്റിന് താല്‍പര്യമില്ല. എങ്കിലും, താരത്തിന്റെ ഓപ്പണിങ് പ്രകടനം നിര്‍ണായകമാണെന്നാണ് ടീമിന്റെ വിലയിരുത്തല്‍. ശര്‍മ്മയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ശ്രദ്ധ മുഴുവന്‍ സഞ്ജു സാംസണിലേക്കാണ്.




Tags: