ഇന്ത്യയുടെ തീപ്പൊരി ബൗളിങ്; ട്വന്റി-20 ലോകകപ്പില്‍ തകര്‍ന്ന് തരിപ്പണമായി പാകിസ്താന്‍
കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കു മുന്നില്‍ ഒരിക്കല്‍ കൂടി ദയനീയമായി പരാജയമേറ്റു വാങ്ങി പാകിസ്താന്‍. ആറ് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങി ഇന്ത്യയെ ഒതുക്കിയ പാകിസ്താന് പക്ഷേ ക്രീസില്‍ നിന്നു മര്യാദയ്ക്ക് ബാറ്റ് ചെയ്യാന്‍ പോലും ആരുമില്ലാതെ പോയി. ഫലം ഇന്ത്യക്ക് 61 റണ്‍സിന്റെ മിന്നും ജയം. 176 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനെ 114 റണ്‍സിന് ഇന്ത്യ പുറത്താക്കി. രണ്ട് ഓവര്‍ ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. തുടരെ മൂന്ന് ജയങ്ങളുമായി ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പിക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് മുന്നില്‍ വച്ചത്. 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്റെ പോരാട്ടം 18 ഓവറില്‍ വെറും 114 റണ്‍സില്‍ അവസാനിച്ചു. പാകിസ്താന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി തകര്‍ച്ചയ്ക്ക് തുടക്കമിട്ട ഹര്‍ദിക് പാണ്ഡ്യ തന്നെ 10ാം വിക്കറ്റും വീഴ്ത്തി പാക് പെട്ടിയില്‍ അവസാന ആണിയും അടിച്ചു.
തുടക്കത്തില്‍ തന്നെ അഭിഷേകിനെ മടക്കി ഞെട്ടിച്ച പാകിസ്താന് അതിലും വലിയ ഞെട്ടല്‍ സമ്മാനിച്ചാണ് ഇന്ത്യ മറുപടി ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറില്‍ ഒരു റണ്ണും വിട്ടുകൊടുക്കാതെ ഹര്‍ദിക് പാണ്ഡ്യ അപകടകാരിയായ ഓപ്പണര്‍ സാഹിബ് സാദ ഫര്‍ഹാനെ പുറത്താക്കിയാണ് പാകിസ്താനെ ഞെട്ടിച്ചത്. ആ ഞെട്ടലിന്റെ ആഘാതത്തില്‍ നിന്നു പിന്നീടൊരിക്കലും പാകിസ്താന്‍ മല്‍സരത്തിലേക്ക് മടങ്ങി വന്നില്ല. സ്പിന്നര്‍മാരും പേസര്‍മാരും ഇന്ത്യക്കായി മിന്നും ബൗളിങ് പുറത്തെടുത്തതോടെ പാക് സംഘത്തിനു ഉത്തരം മുട്ടി. ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റുകള്‍ പോക്കറ്റിലാക്കി.
രണ്ടാം ഓവര്‍ എറിയാന്‍ വന്ന ജസ്പ്രിത് ബുംറ 6 പന്തുകള്‍ക്കിടെ രണ്ട് വിക്കറ്റെടുത്തു പാകിസ്താനെ വന്‍ പ്രതിരോധത്തിലാക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കായി. 2 ഓവറില്‍ പാകിസ്താന് 13 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോള്‍ നഷ്ടം വന്നത് 3 വിക്കറ്റുകള്‍. സയിം അയൂബ് 6 റണ്‍സുമായും പാക് നായകന്‍ സല്‍മാന്‍ ആഘ 4 റണ്‍സുമായും പുറത്തായി.
പിന്നാലെ ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ കെല്‍പ്പുള്ള മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മടക്കി അക്ഷര്‍ പട്ടേല്‍ അടുത്ത പ്രഹരം പാകിസ്താനു നല്‍കി. ബാബര്‍ 5 റണ്‍സുമായി മടങ്ങി. പാകിസ്താന്‍ പവര്‍ പ്ലേയില്‍ തന്നെ വിയര്‍ത്തു പോയി. 34 റണ്‍സിനിടെയാണ് അവര്‍ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായത്. 78 റണ്‍സ് ചേര്‍ക്കുമ്പോഴേക്ക് അവര്‍ക്ക് 7 വിക്കറ്റും പോയി.
8, 9 വിക്കറ്റുകള്‍ അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി പാകിസ്താനെ തിരിച്ചു വരാന്‍ സാധിക്കാത്ത വിധം നിലയിലാ കയത്തിലേക്ക് തള്ളി. സ്‌കോര്‍ 97ല്‍ നില്‍ക്കെ വരുണ്‍ ഷദബ് ഖാനേയും പിന്നാലെ അബ്രാര്‍ അഹമദിനെ ഗോള്‍ഡന്‍ ഡക്കായും പുറത്താക്കി.
അഞ്ചാമനായി എത്തിയ ഉസ്മാന്‍ ഖാന്‍ മാത്രമാണ് ക്രീസില്‍ നിന്നു വെല്ലുവിളിക്കാനുള്ള കെല്‍പ്പ് കാണിച്ചത്. താരം 34 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 44 റണ്‍സെടുത്തു മടങ്ങി. 19 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്ത ഷഹീന്‍ അഫ്രീദിയാണ് അവസാന ഘട്ടത്തില്‍ പൊരുതി സ്‌കോര്‍ 100 കടത്തി നാണക്കേട് കുറച്ചത്. 14 റണ്‍സെടുത്ത ഷദബ് ഖാന്‍, 10 റണ്‍സെടുത്ത ഫഹീം അഷ്റഫ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് പാക് ബാറ്റര്‍മാര്‍. ഇന്ത്യക്കായി ജസ്പ്രിത് ബുംറ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കുല്‍ദീപ് യാദവ്, തിലക് വര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത പാക് നിര ഇന്ത്യയെ 175 റണ്‍സിനാണ് പിടിച്ചു കെട്ടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 175 റണ്‍സെടുത്തത്. ഓപ്പണര്‍ ഇഷാന്‍ കിഷന്റെ വെടിക്കെട്ടൊഴിച്ചാല്‍ ബാക്കിയുള്ള താരങ്ങള്‍ക്ക് വേണ്ടത്ര മികവ് കാണിക്കാനായില്ല. ഇഷാന്‍ കിഷന്‍ 40 പന്തില്‍ 77 റണ്‍സെടുത്ത് പുറത്തായി. രോഗമുക്തി നേടി തിരിച്ചെത്തിയ അഭിഷേക് ശര്‍മ്മ റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഇന്ത്യക്ക് ഞെട്ടലായിരുന്നു. പിന്നീട് ഇഷാന്‍ കിഷന്‍ തിലക് വര്‍മ്മയ്‌ക്കൊപ്പം ചേര്‍ന്ന് വെടിക്കെട്ട് തുടരുകയായിരുന്നു. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ പന്തില്‍ ഷഹീന്‍ അഫ്രീഡി ക്യാച്ചെടുത്ത് അഭിഷേക് ശര്‍മ്മ പുറത്താകുകയായിരുന്നു. തിലക് വര്‍മ്മ 24 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. സായിം അയ്യൂബിനാണ് വിക്കറ്റ്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 32 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡെയെയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പാക് ബൗളര്‍മാര്‍ സമ്മതിച്ചില്ല. താരം റണ്ണൊന്നുമെടുക്കാതെ പുറത്തായി. സായിമിന്റെ പന്തില്‍ ബാബറിനായിരുന്നു വിക്കറ്റ്. 17 പന്തില്‍ 27 റണ്‍സെടുത്ത ശിവം ഡുബേ റണ്ണൗട്ടായി. ദുബെയാണ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. റിങ്കു സിങ് നാല് പന്തില്‍ 11 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ടീം ഇറങ്ങിയത്. ടോസ് സമയത്ത് ഇരു ക്യാപ്റ്റന്‍മാരും ഹസ്തദാനം നടത്തിയില്ല.

