ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം റിച്ച ഘോഷ് ഇനി ഡിഎസ്പി; ബംഗാ ഭൂഷണ്‍ അവാര്‍ഡും

Update: 2025-11-09 08:49 GMT

കൊല്‍ക്കത്ത: ഇന്ത്യയുടെ വനിതാ ലോകകപ്പ് ജേതാവായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന് സമ്മാനപ്പെരുമഴ. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത റിച്ചയെ തേടി പുതിയൊരു പദവി എത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാള്‍ പോലിസിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് (ഡിഎസ്പി) ആയാണ് താരത്തെ നിയമിച്ചത്.

ശനിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) സംഘടിപ്പിച്ച ചടങ്ങില്‍ റിച്ചയെ ആദരിച്ചിരുന്നു. മുന്‍താരങ്ങളായ സൗരവ് ഗാംഗുലി, ജുലന്‍ ഗോസ്വാമി എന്നിവരും പങ്കെടുത്ത പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് നിയമന കത്ത് കൈമാറുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഹമ്മദ് സിറാജ്, ദീപ്തി ശര്‍മ എന്നിവര്‍ ഡിഎസ്പിമാരാണ്.

22കാരിയായ റിച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ബംഗ ഭൂഷണ്‍ അവാര്‍ഡും ലഭിച്ചു. റിച്ചയ്ക്ക് ഒരു സ്വര്‍ണ്ണ ബാറ്റും പന്തും സിഎബി സമ്മാനമായി നല്‍കി. കൂടാതെ 34 ലക്ഷം രൂപ ക്യാഷ് അവാര്‍ഡും നല്‍കി. ലോകകപ്പ് ഫൈനലില്‍ അവര്‍ നേടിയ ഓരോ റണ്ണിനും ഒരുലക്ഷം രൂപവെച്ചായിരുന്നു സമ്മാനത്തുകയായി 34 ലക്ഷം രൂപ നല്‍കിയത്.