ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാനാവില്ല; കര്‍ശന നിയന്ത്രണവുമായി ബിസിസിഐ

Update: 2026-02-10 06:54 GMT

മുംബൈ: ട്വന്റി-20ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. മുന്‍പ് വിദേശ പര്യടനങ്ങളില്‍ അനുവദിച്ചിരുന്ന ഇളവുകള്‍ റദ്ദാക്കിക്കൊണ്ടാണ് ബിസിസിഐയുടെ ഈ നീക്കം. ടീം മാനേജ്മെന്റ് ഇക്കാര്യത്തില്‍ വ്യക്തത തേടി ബോര്‍ഡിനെ സമീപിച്ചെങ്കിലും, നിലവിലെ നയത്തില്‍ മാറ്റം വരുത്താനാവില്ലെന്ന കര്‍ശന നിലപാടാണ് ബിസിസിഐ സ്വീകരിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2024-25ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയോട് 1-3 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐ ഈ കര്‍ശന നയം നടപ്പിലാക്കിയത്. പര്യടനത്തിനിടെ ടീം മീറ്റിംഗുകളിലും പ്ലാനിംഗ് സെഷനുകളിലും ചില താരങ്ങള്‍ പങ്കെടുക്കാതിരുന്നതും പകരം കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതും പരാജയത്തിന് കാരണമായെന്ന് സപ്പോര്‍ട്ട് സ്റ്റാഫ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്, ടീമിന്റെ അച്ചടക്കം വര്‍ദ്ധിപ്പിക്കാനായി ബിസിസിഐ പഴയ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവന്നത്.

45 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനങ്ങളില്‍ പരമാവധി 14 ദിവസം മാത്രമേ കുടുംബത്തെ ഒപ്പം താമസിപ്പിക്കാന്‍ അനുവദിക്കൂവെന്നതാണ് ബിസിസിഐയുടെ നയം. ലോകകപ്പ് പോലുള്ള നിര്‍ണ്ണായക ടൂര്‍ണമെന്റുകളില്‍ കുടുംബാംഗങ്ങള്‍ക്ക് താരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അനുവാദമില്ല. കുടുംബാംഗങ്ങള്‍ക്ക് യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍ താരങ്ങളുടെ ഹോട്ടലിന് പുറത്ത് സ്വന്തം നിലയില്‍ താമസസൗകര്യം ഒരുക്കേണ്ടി വരും.

ലോകകപ്പിനായി താരങ്ങള്‍ ടീം ബസിനെക്കാള്‍ സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. താരങ്ങളുടെ ഭക്ഷണക്രമം നിലനിര്‍ത്താന്‍ പേഴ്‌സണല്‍ ഷെഫുമാരെയും ഒപ്പം കൂട്ടിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്കും ടീം താമസിക്കുന്ന ഹോട്ടലില്‍ പ്രവേശനമില്ല. ഹോട്ടലിന് അടുത്തുള്ള മറ്റ് താമസസ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം പാകം ചെയ്ത് താരങ്ങള്‍ക്ക് എത്തിച്ചു നല്‍കാനാണ് നിര്‍ദ്ദേശം.