പിതാവിന് ഹൃദയാഘാതം; ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ധാനയുടെ വിവാഹം മാറ്റിവച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധാനയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് സംഗീത സംവിധായകന്‍ പലാഷ് മുച്ചാലുമായുള്ള വിവാഹം മാറ്റിവച്ചു. ഇന്ന് വൈകീട്ടാണ് വിവാഹ ചടങ്ങുകള്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. മന്ധാനയും പലാഷ് മുച്ചാലുമായുള്ള വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഇന്ന് രാവിലെയാണ് മന്ധാനയുടെ പിതാവ് ശ്രീനിവാസ് മന്ധാനയ്ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ശ്രീനിവാസ് മന്ധാനയെ സാംഗ്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സാംഗ്ലിയിലെ സാംഡോളിലുള്ള മന്ധാന ഫാം ഹൗസില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്രീനിവാസ് മന്ധാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് സ്മൃതിയുടെ ബിസിനസ് മാനേജര്‍ തുഹിന്‍ മിശ്ര സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ സ്മൃതി മന്ധാനയും അവരുടെ അടുത്ത കുടുംബാംഗങ്ങളും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയതായി കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
'ഇന്ന് രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്രീനിവാസ് മന്ധാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഞങ്ങള്‍ കുറച്ചുനേരം കാത്തിരുന്നു. വലിയ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷേ അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളായി. അതിനാല്‍ റിസ്‌ക് എടുക്കേണ്ടെന്ന് കരുതി ഉടന്‍ തന്നെ ഞങ്ങള്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം നിരീക്ഷണത്തിലാണ്,'- സ്മൃതിയുടെ മാനേജര്‍ പറഞ്ഞു.
'അച്ഛന്‍ സുഖം പ്രാപിക്കുന്നതുവരെ, ഇന്ന് നടക്കേണ്ടിയിരുന്ന ഈ വിവാഹം അനിശ്ചിതമായി നീട്ടിവെക്കാന്‍ മകളാണ് തീരുമാനിച്ചത്. ഇപ്പോള്‍ അദ്ദേഹം നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ തന്നെ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
