മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും ടീം പ്രഖ്യാപനം. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും ലോകകപ്പ് ടീമിനെയുമാകും ഒരുമിച്ച് പ്രഖ്യാപിക്കുക. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.
ജനുവരി 11നാണ് ന്യൂസീലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മല്‍സരങ്ങളുമാണ് പരമ്പരയിലുള്ളത്. ട്വന്റി-20 ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പിനുള്ള അതേ ടീമാകും ട്വന്റി-20 പരമ്പരയിലും കളിക്കുക.
വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണെയും ജിതേഷ് ശര്‍മയെയും തന്നെയാകും പരിഗണിക്കുക. ഋഷഭ് പന്തിനെ പരിഗണിച്ചേക്കില്ലെങ്കിലും മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഇഷാന്‍ കിഷാനെ അവസാന നിമിഷം ഉള്‍പ്പെടുത്തുമോ എന്നതില്‍ ആകാംക്ഷയുണ്ട്. 2024 ലോകകപ്പില്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്തായിരുന്നു ഒന്നാം വിക്കറ്റ് കീപ്പര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി ടീമില്‍നിന്നു പുറത്തായ റിങ്കു സിങ് തിരിച്ചെത്തുമോ എന്നതിലും ആകാംക്ഷയുണ്ട്.
