ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നു; പെര്‍ത്ത് ഏകദിനത്തില്‍ ഓസിസിന് ഏഴ് വിക്കറ്റ് ജയം; വെടിക്കെട്ടുമായി മിച്ചല്‍ മാര്‍ഷ്
പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. മഴയെ തുടര്‍ന്ന് 26 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാനായത്. 137 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴ കളി തടസ്സപ്പെടുത്തി. തുടര്‍ന്ന് ഡക് വര്‍ത്ത്- ലൂയിസ് നിയമപ്രകാരം പുതുക്കി നിശ്ചയിച്ച 131 റണ്‍സ് ഓസ്‌ട്രേലിയ 29 പന്ത് ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു. 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയയുടെ വിജയം. ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് തിളങ്ങി. മിച്ചല്‍ മാര്‍ഷ് 46 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.
മഴയെ തുടര്‍ന്ന് രണ്ടു തവണ നിര്‍ത്തിവച്ച് 26 ഓവറായി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞത്. 31 പന്തില്‍ 38 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. 31 റണ്‍സെടുത്ത അക്ഷര്‍ പട്ടേലുമായി ചേര്‍ന്ന് 40 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് രാഹുല്‍ കെട്ടിപ്പടുത്തില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ ഇതിലും മോശമാകുമായിരുന്നു. അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡി രണ്ടു സിക്‌സുകളുടെ അകമ്പടിയോടെ പുറത്താകാതെ നേടിയ 19 റണ്‍സ് ആണ് ഇന്ത്യന്‍ സ്‌കോര്‍ 120 കടത്തിയത്.
എട്ടു മാസത്തിനു ശേഷം രോഹിത്തും കോഹ് ലിയും കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ആ ആവേശത്തിന്റെ ആയുസ്സ് അധികം നീണ്ടില്ല. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ ഇന്നിങ്‌സ് ആരംഭിച്ചത്. ഓപ്പണറായി ഇറങ്ങിയ രോഹിത്ത് 14 പന്തില്‍ 8 റണ്‍സെടുത്തും മൂന്നാമനായി ഇറങ്ങിയ കോഹ് ലി എട്ടു പന്ത് നേരിട്ട് സംപൂജ്യനായും പുറത്തായി. രോഹിത്തിനെ ഹെയ്സല്‍വുഡ് പുറത്താക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് കോഹ് ലിയുടെ വിക്കറ്റ്. സൂപ്പര്‍ താരങ്ങള്‍ പുറത്തായതോടെ, തുടര്‍ന്ന് കരകയറാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.
ഇരുവര്‍ക്കും പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (18 പന്തില്‍ 10) പുറത്തായി. നഥാന്‍ എല്ലിസിനാണ് വിക്കറ്റ്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3നു 27 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടു വര്‍ഷത്തിനിടെ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്‌കോറാണിത്. 2023ല്‍ ചെന്നൈയില്‍ ഓസീസിനെതിരെ ഇതേ സ്‌കോര്‍ നിലയിലാണ് ഇന്ത്യ പവര്‍പ്ലേ അവസാനിപ്പിച്ചത്.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 9-ാം ഓവറിലാണ് മഴ ആദ്യം പെയ്തത്. എന്നാല്‍ ശക്തമാകാതിരുന്നതോടെയാണ് കളി പുനഃരാരംഭിച്ചു. എന്നാല്‍ 12-ാം ഓവറില്‍ വീണ്ടും മഴ എത്തിയതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്ത്യന്‍ സമയം 10.10നു നിര്‍ത്തിവച്ച മത്സരം, 12.20നാണ് പുനഃരാരംഭിച്ചത്. എന്നാല്‍ 12 മിനിറ്റു കഴിഞ്ഞപ്പോള്‍ വീണ്ടും മഴ എത്തിയതോടെ കളി നിര്‍ത്തി. ഇതിനിടെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റും നഷ്ടമായി. ശ്രേയസ്സ് അയ്യരെ (11) ഹെയ്സ്ല്വുഡാണ് പുറത്താക്കിയത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ 16-ാം ഏകദിനത്തിലാണ് ഇന്ത്യയ്ക്കു ടോസ് നഷ്ടമാകുന്നത്.

