ക്രുനാല്‍ പാണ്ഡ്യയുടെ മാജിക്; ലയണ്‍സിനെ തകര്‍ത്ത് ഇന്ത്യന്‍ എ ടീമിന് പരമ്പര

Update: 2019-01-27 18:47 GMT

തിരുവനന്തപുരം: ബൗളര്‍മാര്‍ കരുത്തുകാട്ടിയ മല്‍സരത്തില്‍ കരുത്തരായ ഇംഗ്ലണ്ട് ലയണ്‍സിനെ എറിഞ്ഞിട്ട് ഇന്ത്യ എ ടീം പരമ്പര സ്വന്തമാക്കി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ ആദ്യ മൂന്നുകളികളും വിജയിച്ചാണ് ഇന്ത്യന്‍ ടീമിന്റെ മൂന്നേറ്റം. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് കളിയിലെ താരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ മുന്നോട്ടുവച്ച 173 റണ്‍സെന്ന ദുര്‍ബലമായ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലയണ്‍സ് ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് പുലര്‍ത്തിയതോടെ 30.5 ഓവറില്‍ 112 റണ്‍സിന് ഇംഗ്ലണ്ട് ലയണ്‍സ് ഓള്‍ഔട്ടായി. 60 റണ്‍സ് വിജയത്തോടെ ഇന്ത്യ പരമ്പരയും ഉറപ്പിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ ടീമിന് ആദ്യപന്തില്‍ തന്നെ തിരിച്ചടി നേരിട്ടു. നേരിട്ട ആദ്യപന്തില്‍ തന്നെ ക്യാപ്റ്റന്‍ രഹാനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണെങ്കിലും ഇഷാന്‍ കിഷനും ചഹറും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നും കരകയറ്റിയത്. ഇഷാന്‍ കിഷന്‍ 30 റണ്‍സും ചഹര്‍ 39 റണ്‍സും നേടി. ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ 21 റണ്‍സുമായി ഇരുവര്‍ക്കും പിന്തുണ നല്‍കി.

ചെറിയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റങിനിറങ്ങിയ ലയണ്‍സിന് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. ഓപണര്‍മാരായ അലക്‌സ് ഡേവിസ് പൂജ്യത്തിന് പുറത്തായപ്പോള്‍ വില്‍ ജാക്‌സിന്റെ ഒരു റണ്‍സാണ് നേടാനായത്. ബെന്‍ ഡക്കറ്റ്(39), ഒല്ലീ പോപ്(27), ജാമീ ഓവര്‍ടണ്‍(18), ഡാന്നി ബ്രിഗ്‌സ്(15) എന്നിവര്‍ മാത്രമാണ് ലയണ്‍സ് നിരയില്‍ രണ്ടക്കം കടന്നത്. 5.5 ഓവറില്‍ 21 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തുകയും 21 റണ്‍സ് നേടുകയും ചെയ്്ത ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശില്‍പി. നവനീത് സെയ്‌നി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റ് നേടി. ലയണ്‍സ് നിരയില്‍ ജാമി ഓവര്‍ട്ടണ്‍ മൂന്നു വിക്കറ്റ് നേടി. വില്‍ ജാക്ക്‌സ്, മാത്യു ടി കാര്‍ട്ടര്‍, ലൂയിസ് ഗ്രിഗറി എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും നേടി.



Tags:    

Similar News