ഇന്ത്യക്ക് അണ്ടര്‍-19 ലോകകിരീടം, വൈഭവ് സൂര്യവംശി തീയായി; തകര്‍ന്ന് തരിപ്പണമായി ഇംഗ്ലണ്ട്

Update: 2026-02-06 15:18 GMT

ഹരാരെ: അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി ഇന്ത്യ തങ്ങളുടെ ആറാംകിരീടം ഉയര്‍ത്തി. ഇംഗ്ലീഷ് ബൗളര്‍മാരെ മുട്ടുകുത്തിച്ച ബാറ്റിങ് വിസ്ഫോടനത്തിനൊടുവില്‍ ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 311 റണ്‍സില്‍ അവസാനിച്ചു. നൂറ് റണ്‍സിന്റെ ജയം. ബാറ്റിങ്ങില്‍ ഒരു മഹാപ്രളയം കണക്കെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, ഇംഗ്ലണ്ടിന്റെ കിരീടസ്വപ്നങ്ങള്‍ വെറും മണല്‍ക്കൊട്ടാരങ്ങള്‍പോലെ തകര്‍ന്നടിഞ്ഞു. കൗമാര ക്രിക്കറ്റിലെ ഇന്ത്യയുടെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഹരാരെ സ്പോര്‍ട്സ് ക്ലബ്ബിലെ ഈ സമ്പൂര്‍ണ വിജയം.

വെറും 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി എന്ന ബാറ്റിങ് വിസ്മയമാണ് ഈ ഫൈനലിന്റെ വിധി കുറിച്ചതെന്ന് നിസ്സംശയം പറയാം. മൈതാനത്തിന്റെ നാലുപാടും സിക്സറുകളും ഫോറുകളും പായിച്ച്, വെറും 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു. അസാമാന്യമായ കരുത്തും പക്വതയും ഒത്തുചേര്‍ന്ന ഈ ഇന്നിങ്‌സ് അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത പോരാട്ടവീര്യമായി വാഴ്ത്തപ്പെടുകയാണ്. ഒരു ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ ഈ കൊച്ചു മിടുക്കന്‍, വരാനിരിക്കുന്ന ക്രിക്കറ്റ് ലോകം തന്റേതാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുകൂടിയാണ് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടി. വൈഭവ് സൂര്യവംശിയുടെ റെക്കോര്‍ഡ് സെഞ്ചുറിയുടെ (175) കരുത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെതിരേ പൊരുതിയ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311-ന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് മികച്ച രീതിയില്‍ തുടങ്ങി. 56 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ ഡോക്കിന്‍സിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ പുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിയത്.

പിന്നീട് ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 67 പന്തില്‍ ഏഴ് സിക്‌സും ഒന്‍പത് ഫോറും സഹിതം 115 റണ്‍സെടുത്ത് പത്താമനായാണ് കീഴടങ്ങിയത്. ബെന്‍ മയേസ് (45), നായകന്‍ തോമസ് റ്യൂ (31), ജെയിംസ് മിന്റോ (28) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും വലിയ സ്‌കോറിലേക്ക് എത്താനായില്ല. ഇന്ത്യക്കായി ആര്‍.എസ്. അംബ്രിഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. ക്യാപ്റ്റന്‍ ആയുഷ് മാത്രെയും ഖിലാന്‍ പട്ടേലും ഇംഗ്ലീഷ് മധ്യനിരയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

നേരത്തേ ഇംഗ്ലണ്ടിനെതിരേ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 411 റണ്‍സെടുത്തു. വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറിയതോടെയാണ് കലാശപ്പോരില്‍ ഇന്ത്യ റെക്കോഡ് സ്‌കോറിലേക്ക് കുതിച്ചത്. 80 പന്തില്‍ നിന്ന് 175 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ടിനെ കീഴടക്കി ആറാം ലോകകപ്പ് കിരീടത്തില്‍ മുത്തമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. പവര്‍പ്ലേയിലെ ആദ്യ ഓവറുകളില്‍ പതിയെ ആണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്‌കോറുയര്‍ത്തിയത്. സെമിയില്‍ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് വെറും ഒന്‍പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതോടെ ഇന്ത്യ നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെന്ന നിലയിലായി. പിന്നീട് ക്രീസിലിറങ്ങിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 53 റണ്‍സിലെത്തിച്ചു.

പിന്നീട് വൈഭവ് സൂര്യവംശി ട്രാക്ക് മാറ്റിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. ഒന്‍പതാം ഓവറില്‍ 18 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 11-ാം ഓവറില്‍ താരം അര്‍ധസെഞ്ചുറിയും തികച്ചു. 32 പന്തില്‍ നിന്നാണ് താരത്തിന്റെ ഫിഫ്റ്റി. ആയുഷ് മാത്രെയും വൈഭവിന് പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചതോടെ 14-ാം ഓവറില്‍ സ്‌കോര്‍ നൂറുകടന്നു.

14 ഓവര്‍ അവസാനിക്കുമ്പോള്‍ 107-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വൈഭവ് കത്തിക്കയറി. ഇംഗ്ലണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. 15-ാം ഓവറില്‍ 15 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 17-ാം ഓവറില്‍ വൈഭവ് 22 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സറുകളും ഒരു ഫോറും താരം നേടി. അതോടെ ഇന്ത്യന്‍ സ്‌കോര്‍ 150 കടന്നു. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ആയുഷ് മാത്രെ കൂടാരം കയറി. 51 പന്തില്‍ 53 റണ്‍സെടുത്താണ് താരം പുറത്തായത്. പിന്നാലെ വൈഭവിന്റെ സെഞ്ചുറിയുമെത്തി. 55 പന്തിലാണ് വൈഭവ് മൂന്നക്കം തൊട്ടത്. 20 ഓവറില്‍ 167-2 എന്ന നിലയിലായിരുന്നു ഇന്ത്യ.

സെഞ്ചുറിക്ക് പിന്നാലെയും വൈഭവ് കത്തിക്കയറി. 21-ാം ഓവറില്‍ 19 റണ്‍സും 22-ാം ഓവറില്‍ 26 റണ്‍സുമാണ് വൈഭവ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. 23-ാം ഓവര്‍ കഴിയുമ്പോഴേക്കും താരം 150 റണ്‍സും തികച്ചു. എന്നാല്‍ 175 റണ്‍സില്‍ നില്‍ക്കേ വൈഭവ് പുറത്തായി. അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്ന് കാഴ്ചവെച്ചാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരന്‍ മടങ്ങിയത്. 15 വീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. വൈഭവ് പുറത്താകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

പിന്നീട് നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച വേദാന്ത് ത്രിവേദിയും വിഹാന്‍ മല്‍ഹോത്രയും ടീമിനെ മുന്നൂറ് കടത്തി. പിന്നാലെ ഇരുവരും മടങ്ങി. വേദാന്ത് 32 റണ്‍സും വിഹാന്‍ 30 റണ്‍സുമെടുത്താണ് പുറത്തായത്. അഭിഗ്യാന്‍ കുണ്‍ഡു(40), ആര്‍.എസ്. ആംബ്രിഷ്(18), ഖിലാന്‍ പട്ടേല്‍(3) എന്നിവര്‍ പിന്നാലെ മടങ്ങി. കനിഷ്‌ക് ചൗഹാന്‍ 20 പന്തില്‍ നിന്ന് 37 റണ്‍സെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 411 ലെത്തി.