ഏഷ്യാകപ്പ് സൂപ്പര്‍ ത്രില്ലറില്‍ ഇന്ത്യക്ക് കിരീടം; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ജയം അഞ്ചുവിക്കറ്റിന്; രക്ഷകനായി തിലക് വര്‍മ്മ
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ ഫൈനലില്‍ ഇന്ത്യക്ക് കിരീടം. പാകിസ്താനെ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ നേട്ടം. ആവേശം അവസാന ഓവര്‍ വരെ നീണ്ട മല്‍സരത്തില്‍ തിലക് വര്‍മ്മയാണ് ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. 53 പന്തില്‍ താരം 69* റണ്‍സെടുത്തു. 147 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ 150 റണ്‍സെടുത്താണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ശിവം ഡുബേയ്ക്ക് ശേഷം ക്രീസിലെത്തിയ റിങ്കു സിങാണ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിച്ച് താരം ഇന്ത്യക്ക് ഏഷ്യാകപ്പ് സമ്മാനിക്കുകയായിരുന്നു.
ടൂര്‍ണ്ണമെന്റില്‍ ഇതുവരെയില്ലാത്ത ഫോം പുറത്തെടുത്താണ് പാകിസ്താന്‍ ഇന്നിറങ്ങിയത്. തുടക്കത്തില്‍ തന്നെ മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി അവര്‍ മല്‍സരത്തില്‍ ആധിപത്യം നേടിയിരുന്നു. അഭിഷേക് ശര്‍മ്മ(5), ശുഭ്മാന്‍ ഗില്‍(12), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്(1) എന്നിവരെയാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. തകര്‍പ്പന്‍ ഫോമിലാണ് പാക് ബൗളിങ് നിര തുടങ്ങിയത്. അഭിഷേകിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റ് ഫഹീം അഷ്റഫിനാണ്. ഇരുവരെയും ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് ഫഹീം പുറത്താക്കിയത്. സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് ഷഹീന്‍ അഫ്രീഡിയ്ക്കാണ്. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയ്ക്ക് ക്യാച്ച് നല്‍കിയാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്.
പിന്നീട് തിലക് വര്‍മ്മയും സഞ്ജു സാംസണും ഇന്ത്യക്കായി നിലയുറപ്പിക്കുകയായിരുന്നു. മികച്ച ബാറ്റിങ് കാഴ്ചവച്ച സഞ്ജു സാംസണ്‍ 21 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. അബ്രറാര്‍ അഹ്‌മദിന്റെ പന്തില്‍ ഫര്‍ഹാന്‍ ക്യാച്ചെടുക്കുകയായിരുന്നു. പിന്നീടെത്തിയ ശിവം ഡുബേ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് തിലക് വര്‍മ്മയ്ക്കായി കൂട്ടായി നിന്നു. താരം 22 പന്തില്‍ 33 റണ്‍സെടുത്ത് പുറത്തായി.ഫഹീമിന്റെ പന്തില്‍ ഷഹീന്‍ അഫ്രീഡിയാണ് ക്യാച്ചെടുത്തത്. പാകിസ്താനായി ഫഹീം മൂന്നും ഷഹീന്‍, അബ്രറാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ഇന്ത്യ 19.1 ഓവറില്‍ 146 റണ്‍സിന് പുറത്താക്കി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് നേടി പാകിസ്താനെ പിടിച്ചുകെട്ടി. സാഹിബസ്ദാ ഫര്‍ഹാന്‍ 38 പന്തില്‍ 57 റണ്‍സെടുത്ത് പാകിസ്താന് മികച്ച തുടക്കം നല്‍കി. കൂട്ടിന് ഫഖര്‍ സമനും ഉണ്ടായിരുന്നു. താരം 35 പന്തില്‍ 46 റണ്‍സെടുത്തു.
ആദ്യ പത്തോവറിലെ മികച്ച പ്രകടനത്തിനുശേഷമാണ് പാകിസ്താന്‍ ദയനീയമായി തകര്‍ന്നത്. 16 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകള്‍ വീണത്. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 84 റണ്‍സെന്ന നിലയിലായിരുന്ന ടീമിന് പിന്നീട് 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ പത്തുവിക്കറ്റുകളും നഷ്ടമായി. അതില്‍ത്തന്നെ അവസാന ആറു വിക്കറ്റുകള്‍ വീണത് പത്ത് റണ്‍സെടുക്കുന്നതിനിടെ.പത്താം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെത്തിയാണ് സഹിബ്സാദയെ പുറത്താക്കിയത്. തിലക് വര്‍മയ്ക്ക് ക്യാച്ചായാണ് മടക്കം.
JASPRIT BUMRAH NOT HOLDING BACK.😭🔥✈️#indvspak2025 pic.twitter.com/fcPgiA47kR
— U' (@toxifyy18) September 28, 2025
തുടര്‍ന്നെത്തിയ സായിം അയ്യൂബിനെ 13-ാം ഓവറില്‍ കുല്‍ദീപ് യാദവും മടക്കി. ബുംറയ്ക്ക് ക്യാച്ചായി പുറത്താവുകയായിരുന്നു. 11 പന്തില്‍ 14 റണ്‍സാണ് സമ്പാദ്യം. പിന്നാലെയെത്തിയ മുഹമ്മദ് ഹാരിസിനെ അക്ഷര്‍ പട്ടേല്‍ പൂജ്യത്തിന് മടക്കിയതോടെ ഇന്ത്യന്‍ ക്യാംപില്‍ പ്രതീക്ഷയുണര്‍ന്നു. രണ്ടുപന്തുകള്‍ മാത്രമാണ് ഹാരിസ് നേരിട്ടത്. ഈ ഘട്ടങ്ങളിലെല്ലാം ഒരുവശത്ത് നിലയുറപ്പിച്ച ഓപ്പണര്‍ ഫഖര്‍ സമാനാണ് നാലാമതായി പുറത്തായത്. കുല്‍ദീപിന്റെ കൈകളിലേക്ക് നല്‍കി വരുണ്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേട്ടം സ്വന്തമാക്കി. 35 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറുമായി 46 റണ്‍സാണ് സമ്പാദ്യം.
ഹുസൈന്‍ തലാത്തിനെ (1) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈകളിലേക്ക് അയച്ച് അക്ഷര്‍ പട്ടേലും വിക്കറ്റ് നേട്ടം രണ്ടാക്കി. ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ പുറത്താവുന്നതിലും സഞ്ജുവിന്റെ കൈകള്‍ പ്രവര്‍ത്തിച്ചു. സാംസണ്‍ നേടിയ മികച്ച ഒരു ക്യാച്ചിലൂടെ പുറത്താവുമ്പോള്‍ ഏഴുപന്തില്‍ എട്ട് റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ഷഹീന്‍ അഫ്രീദിയെയും ഫഹീം അഷ്റഫിനെയും മടക്കി കുല്‍ദീപ് മത്സരത്തിലെ വിക്കറ്റ് നേട്ടം നാലാക്കി. ഹാരിസ് റൗഫിനേയും (6) മുഹമ്മദ് നവാസിനെയും (6) ബുംറയാണ് പുറത്താക്കിയത്.

