അഹമ്മദാബാദ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം. 140 റണ്‍സിനും ഇന്നിങ്‌സിനും ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞു. രണ്ട് ഇന്നിങ്‌സിലും ദയനീയമായി തകര്‍ന്നടിഞ്ഞ സന്ദര്‍ശകര്‍ അഹമ്മദാബാദില്‍ വന്‍ പരാജയം ഏറ്റുവാങ്ങി. ആദ്യ ഇന്നിങ്‌സില്‍ 162 റണ്‍സിന് പുറത്തായ വിന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ 146 റണ്‍സിന് പുറത്തായി. 286 റണ്‍സിന്റെ ലീഡാണ് ആദ്യ ഇന്നിങ്സില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ 448-5 എന്ന നിലയില്‍ ആദ്യ ഇന്നിങ്സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
രണ്ടാമിന്നിങ്സില്‍ തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ ബാറ്റിങ്. മുന്‍നിര ബാറ്റര്‍മാര്‍ക്കൊന്നും ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. തേജ്നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്ടമായത്.മുഹമ്മദ് സിറാജിന്റെ പന്തില്‍ നിതീഷ് റെഡ്ഡിയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് താരം പുറത്താവുന്നത്. പിന്നാലെ ജോണ്‍ ക്യാമ്പെല്‍ 14 റണ്‍സെടുത്ത് മടങ്ങി. പിന്നീട് സ്പിന്നര്‍മാര്‍ കളം വാഴുന്നതാണ് അഹമ്മദാബാദില്‍ കണ്ടത്. ബ്രാന്‍ഡന്‍ കിങ്(5), റോസ്റ്റണ്‍ ചേസ്(1), ഷായ് ഹോപ്(1) എന്നിവര്‍ നിരാശപ്പെടുത്തി. അതോടെ ടീം 46-5 എന്ന നിലയിലേക്ക് വീണു.
പിന്നീട് അലിക് അതാനസെയും ജസ്റ്റിന്‍ ഗ്രീവ്സും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിന് അല്‍പ്പം ആശ്വാസമായത്. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ ജയത്തിലേക്ക് കുതിച്ചു. അതാനസെ 38 റണ്‍സും ജസ്റ്റിന്‍ ഗ്രീവ്സ് 25 റണ്‍സുമെടുത്താണ് പുറത്തായത്. അതോടെ വിന്‍ഡീസ് 98-7 എന്ന നിലയിലായി. പിന്നാലെ ജോമല്‍ വറിക്കാന്‍ ഡക്കായി മടങ്ങി. ജൊഹാന്‍ ലയ്നെ(14), ജെയ്ഡന്‍ സീല്‍സ്(22) എന്നിവരുടെ വിക്കറ്റുകളും വീഴ്ത്തി ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലുവിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തു.
മൂന്നാം ദിനം കളി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ചുറികളാണ് രണ്ടാം ദിനം ഇന്ത്യക്ക് കരുത്തായത്. 121-ന് ഒന്ന് എന്ന നിലയില്‍ രണ്ടാംദിനം കളി തുടര്‍ന്ന ഇന്ത്യയ്ക്കായി രാഹുലും ഗില്ലും മികച്ച കൂട്ടുകെട്ട് പടുത്തു. രാഹുലും ഗില്ലും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഗില്‍ അര്‍ധസെഞ്ചുറിയോടെ തിളങ്ങി. 100 പന്തുകളില്‍നിന്നാണ് ഗില്ലിന്റെ അര്‍ധസെഞ്ചുറി. സെഞ്ചുറിയോടെ രാഹുലും തിളങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 218-ലെത്തി. കെ.എല്‍. രാഹുല്‍ 190 പന്തുകള്‍ നേരിട്ട് സെഞ്ചുറി (100) നേടി. 12 ഫോറുകള്‍ നിറഞ്ഞതാണ് ഇന്നിങ്‌സ്. ടെസ്റ്റിലെ രാഹുലിന്റെ പതിനൊന്നാമത്തെ സെഞ്ചുറിയാണിത്.
പിന്നാലെ ധ്രുവ് ജുറേലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. ഇരുവരും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ബാറ്റേന്തി. വിന്‍ഡീസ് ബൗളര്‍മാര്‍ മാറി മാറി എറിഞ്ഞിട്ടും മികച്ച കൂട്ടുകെട്ടോടെ ഇരുവരും ടീമിനെ നാനൂറ് കടത്തി. ജുറേലും ജഡേജയും സെഞ്ചുറി നേടി. 206 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ജുറേല്‍ 210 പന്തില്‍ നിന്ന് 125 റണ്‍സെടുത്ത് പുറത്തായി. 15 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. ജഡേജ 104 റണ്‍സോടെ പുറത്താവാതെ നിന്നു.

