ഇംഗ്ലണ്ടിനെതിരേ ഇന്നിങ്‌സ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

അശ്വിനും അക്‌സര്‍ പട്ടേലും അഞ്ച് വിക്കറ്റ് വീതം നേടിയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് വിരാമമിട്ടത്.

Update: 2021-03-06 17:41 GMT



അഹ്മദാബാദ്:ഇന്ത്യന്‍ സ്പിന്‍ ജോഡികളായ ആര്‍ അശ്വിനും അക്‌സര്‍ പട്ടേലും വീണ്ടും മാജിക്ക് ബൗളിങ് കാഴ്ചവച്ചപ്പോള്‍ അഹ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ഇന്നിങ്‌സിനും 25 റണ്‍സിനും ജയം. രണ്ട് ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ആധികാരിക ജയം. ജയത്തോടെ ഇന്ത്യ 3-1ന് പരമ്പരയും സ്വന്തമാക്കി. പരമ്പര നേട്ടത്തോടെ ഐസിസിയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള യോഗ്യതയും ഇന്ത്യ നേടി. 160 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സന്ദര്‍ശകരെ 135 റണ്‍സിന് ഇന്ത്യ പുറത്താക്കുകയായിരുന്നു. അശ്വിനും അക്‌സര്‍ പട്ടേലും അഞ്ച് വിക്കറ്റ് വീതം നേടിയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് വിരാമമിട്ടത്. ലോറന്‍സ് (50), റൂട്ട് (30) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. സ്‌കോര്‍ ഇന്ത്യ-365. ഇംഗ്ലണ്ട് 205, 135. 29 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ആദ്യ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ക്രൗലേ(5), സിബ്ലേ(3),ബെയര്‍സ്റ്റോ (0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. ജോ റൂട്ട് എല്‍ബിയില്‍ കുടുങ്ങിയാണ് പുറത്തായത്. സ്റ്റോക്കസ് രണ്ടും പോപ്പെ 15 ഉം റണ്‍സെടുത്ത് പുറത്തായി.ഒരു വേള ഇംഗ്ലണ്ട്് 81-6 എന്ന നിലയിലായിരുന്നു. ലോറന്‍സിന്റെ ബാറ്റിങാണ് ഇംഗ്ലണ്ടിനെ സ്‌കോര്‍ 135ലെത്തിച്ചത്.


നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 365 റണ്‍സിന് അവസാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട 294 റണ്‍സ് നേടിയ ഇന്ത്യ ഇന്ന് 365 റണ്‍സിന് പുറത്താവുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ 96 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അക്സര്‍ പട്ടേല്‍ 43 റണ്‍സെടുത്തു. ഇഷാന്തിനും മുഹമ്മദ് സിറാജിനും ഇന്ന് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിഞ്ഞില്ല




Tags:    

Similar News