ലോകകപ്പിലെ തോല്‍വിക്ക് ശേഷം ട്വന്റി വെടിക്കെട്ടിന് ഇന്ത്യ നാളെ ഇറങ്ങും

Update: 2019-08-02 11:50 GMT

ഫ്‌ളോറിഡ: ലോകകപ്പ് സെമിയില്‍ തോറ്റ് പുറത്തായതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മല്‍സരം നാളെ ഫ്‌ളോറിഡയില്‍ നടക്കും. വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി പരമ്പരയ്ക്കാണ് നാളെ തുടക്കമാവുന്നത്. മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യമല്‍സരമാണ് ഫ്‌ളോറിഡയില്‍ നടക്കുന്നത്. ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാമതും വെസ്റ്റ്ഇന്‍ഡീസ് ഒമ്പതാമതുമാണ്. ലോകകപ്പിന് ശേഷം ടീം ഇന്ത്യയില്‍ ഉടലെടുത്ത പടലപ്പിണക്കത്തിനും ചേരിതിരിവിനും വിരാമമിടാന്‍ ഇന്ത്യയ്ക്ക് പരമ്പര ജയം അനിവാര്യമാണ്. ട്വന്റിക്ക് പുറമെ നിരവധി ഏകദിന മല്‍സരങ്ങളും രണ്ട് ടെസ്റ്റ് മല്‍സരങ്ങളും ഇന്ത്യ വിന്‍ഡീസില്‍ കളിക്കും. ആദ്യ രണ്ട് ട്വന്റി മല്‍സരങ്ങളാണ് ഫ്‌ളോറിഡയില്‍ നടക്കുക. മൂന്നാമത്തെ മല്‍സരം വിന്‍ഡീസില്‍ നടക്കും. ലോകകപ്പില്‍ മോശം പ്രകടനം കാഴ്ചവച്ച വെസ്റ്റ്ഇന്‍ഡീസ് ട്വന്റിയിലൂടെ വിജയവഴിയില്‍ തിരിച്ചുവരാനാണ് നാളെയിറങ്ങുന്നത്.

ടീം ഇന്ത്യ:

വിരാട് കോഹ്‌ലി, രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവദീപ് സെയ്‌നി.

ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മല്‍സരം തുടങ്ങുന്നത്. വിന്‍ഡീസ് മല്‍സരത്തിനായി പരിചയസമ്പന്നരായ ടീമിനെ ഇറക്കുമ്പോള്‍ ഇന്ത്യ യുവ കളിക്കാരെയാണ് നാളെ ഇറക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും കരീബിയന്‍ നിരയെ ഒരു ടീമും പേടിക്കാറില്ല. എന്നാല്‍ ട്വന്റി20യിലെ വിന്‍ഡീസ് ബാറ്റിങ് വെടിക്കെട്ട് എതിര്‍ടീമിനെ ഭയപ്പെടുത്തുന്നതാണ്. ലോകത്തിലെ നിരവധി ട്വന്റി ലീഗുകളില്‍ കളിച്ച പരിചയസമ്പന്നരായ കളിക്കാരാണ് വിന്‍ഡീസ് നിരയിലുള്ളത്. ഇത് ഇന്ത്യയ്ക്ക്് ഭീഷണിയാവും.

ടീം വെസ്റ്റ് ഇന്‍ഡീസ്:

ക്രിസ് ഗെയ്ല്‍, കാര്‍ലോസ് ബ്രാത്ത് വെയ്റ്റ്, സുനില്‍ നരെയ്ന്‍, കീറണ്‍ പൊള്ളാര്‍ഡ്, ഒഷെയ്ന്‍ തോമസ്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, എവിന്‍ ലൂവിസ്, ആന്ദ്രേ റസ്സല്‍, ഷെല്‍ഡണ്‍ കോട്രല്‍, നിക്കോളസ് പൂരന്‍.