ജയ്‌സ്വാളിന് സെഞ്ചുറി; രോഹിത്തിനും കോഹ് ലിക്കും അര്‍ദ്ധസെഞ്ചുറി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

Update: 2025-12-06 15:33 GMT

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പരമ്പര 2-1ന് സ്വന്തമാക്കിയത്. 271 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിച്ച ആതിഥേയര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39.5ാം ഓവറിലാണ് ജയിച്ചത്. യശ്വസി ജയ്‌സ്വാളിന്റെ സെഞ്ചുറി(116*)യും രോഹിത്ത് ശര്‍മ്മ (75), കോഹ് ലി(65*) എന്നിവരുടെ അര്‍ദ്ധസെഞ്ചുറിയുമാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു. 47.5 ഓവറില്‍ സന്ദര്‍ശകരെ ഇന്ത്യ 270 റണ്‍സിന് പുറത്താക്കി.ഡീ കോക്ക് ആണ് പ്രോട്ടീസ് നിരയിലെ ടോപ് സ്‌കോറര്‍. സെഞ്ചുറി നേടിയ താരം 89 പന്തില്‍ 106 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ബവുമ 48ഉം ബ്രീറ്റ്‌സ്‌കെ 24ഉം റണ്‍സെടുത്തു.

നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് യാദവുമാണ് ദക്ഷിണാഫ്രിക്കയെ 270ല്‍ ഒതുക്കിയത്. തുടക്കത്തില്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ച പ്രോട്ടീസിനെ പിന്നീട് വരുതിയില്‍ നില്‍ത്താന്‍ ഇരുവര്‍ക്കും സാധിച്ചത് നിര്‍ണായകമായി. പ്രസിദ്ധ് 9.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയും കുല്‍ദീപ് 10 ഓവറില്‍ 41 റണ്‍സ് വഴങ്ങിയുമാണ് 4 വിക്കറ്റുകള്‍ പിഴുതത്. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ അര്‍ഷ്ദീപ് സിങും രവീന്ദ്ര ജഡേജയും പങ്കിട്ടു.ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് സെഞ്ചുറിയുമായി കളം വാണങ്കിലും മധ്യനിരയേയും വാലറ്റത്തേയും ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.





Tags: