ദുബായ്: ഏഷ്യാകപ്പിലെ ആവേശപോരാട്ടത്തില്‍ ഇന്ത്യക്ക് ജയം. ചിരവൈരികളായ പാകിസ്താനെതിരേ ഏഴു വിക്കറ്റിനാണ് ജയം. 128 എന്ന അനായാസ ലക്ഷ്യം ഇന്ത്യ 15.5 ഓവറില്‍ പിന്തുടരുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 131 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.
മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്താന്‍ ഇന്ത്യയെ ചെറുതായി ഞെട്ടിച്ചെങ്കിലും ആധികാരിക ജയം ഇന്ത്യക്കൊപ്പമായിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ തന്നെയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. അഭിഷേക ശര്‍മ്മ 13 പന്തില്‍ 31 റണ്‍സെടുത്ത് തുടക്കം തന്നെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിരുന്നു. ശുഭ്മാന്‍ ഗില്ലിന് 10 റണ്‍സെടുത്ത് പുറത്താവാനായിരുന്നു വിധി. ഇരുവരെയും പുറത്താക്കി ബൗളര്‍ സെയം അയൂബ് പാകിസ്താന് തുടക്കത്തില്‍ ചെറിയ പ്രതീക്ഷയും നല്‍കിയിരുന്നു. 31 പന്തില്‍ 31 റണ്‍സെടുത്ത് തിലക് വര്‍മ്മയും മികച്ച ഫോം കണ്ടെത്തി. തിലക് വര്‍മ്മയുടെ വിക്കറ്റും സെയിമിനായിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ 31 പന്തില്‍ 47 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മറുവശത്ത് ശിവം ഡുബേ 10 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍ (40) മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്തത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നുവിക്കറ്റുകള്‍ നേടി. ജസ്പ്രീത് ബുംറയും അക്ഷര്‍ പട്ടേലും രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് ആനുകൂല്യത്തില്‍ ബാറ്റിങ്ങിനെത്തിയ പാകിസ്താന്റെ ആത്മവിശ്വാസം ആദ്യപന്തില്‍ത്തന്നെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞുകെടുത്തി. ആദ്യ പന്ത് വൈഡെറിഞ്ഞ ഹാര്‍ദിക്, തുടര്‍ന്നെറിഞ്ഞ, നിയമപരമായ ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ സായിം അയ്യൂബിനെ പുറത്താക്കി. ഹാര്‍ദിക്കിന്റെ ഇന്‍സ്വിങ്ങറില്‍ ബാറ്റുവച്ച സായിം, ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് മടങ്ങി ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഒമാനെതിരേയും സായിം ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.
തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ബുംറ, ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെയും മടക്കി. ആക്രമണസ്വഭാവത്തോടെ ബാറ്റിങ്ങിന് ശ്രമിച്ച ഹാരിസിനെ ബുംറ അധികനേരം ക്രീസില്‍ തുടരാന്‍ അനുവദിച്ചില്ല. ഹാര്‍ദിക്കിനാണ് ക്യാച്ച്. ഓവറിലാകെ രണ്ട് റണ്‍സാണ് ബുംറ വഴങ്ങിയത്. പിന്നാലെ എട്ടാം ഓവറില്‍ ഫഖര്‍ സമാനെ (15 പന്തില്‍ 17) അക്ഷര്‍ പട്ടേലും മടക്കി.
തുടര്‍ന്ന് 13-ാം ഓവറില്‍ ഹസന്‍ നവാസിനെയും (5) മുഹമ്മദ് നവാസിനെയും (0) കുല്‍ദീപ് യാദവ് മടക്കിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിസന്ധിയിലായി. തൊട്ടുമുന്‍പത്തെ പന്തില്‍ ഹസനെ പുറത്താക്കാന്‍ ലഭിച്ച അവസരം കുല്‍ദീപ് പാഴാക്കിയിരുന്നു. രണ്ട് കൈകള്‍ക്കൊണ്ടും ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അതേ ഹസനെ അക്ഷര്‍ പട്ടേലിന്റെ കൈകളിലേക്ക് നല്‍കി അതിന് പരിഹാരം ചെയ്തു. പിന്നാലെയെറിഞ്ഞ പന്തില്‍ മുഹമ്മദ് നവാസിനെയും മടക്കി പാകിസ്താനെ ഞെട്ടിച്ചു. ഹസന്‍ പുറത്തായതിനു പിന്നാലെയെത്തിയ നവാസ്, ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.
ഈ ഘട്ടങ്ങളിലെല്ലാം ഒരുവശത്ത് നിലയുറപ്പിച്ചു കളിച്ച സഹിബ്‌സാദ ഫര്‍ഹാനെ 17-ാം ഓവറില്‍ വീണ്ടുമെത്തിയ കുല്‍ദീപ് പറഞ്ഞയച്ചു. ഹാര്‍ദിക്കിന്റെ മികച്ച ക്യാച്ചിലൂടെയാണ് പുറത്തായത്. ഇതോടെ പാകിസ്താന്റെ വീര്യമാകെയും ചോര്‍ന്നുപോയി. 44 പന്തുകള്‍ നേരിട്ട സഹിബ്‌സാദ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 40 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി. ഫഹീം അഷ്‌റഫിനെ (11) വരുണ്‍ ചക്രവര്‍ത്തിയും സുഫിയാന്‍ മുഖീമിനെ (10) ബുംറയും കൂടാരംകയറ്റി.

