ഇന്ത്യക്ക് റിപബ്ലിക്ക് ദിന സമ്മാനം; ന്യൂസിലന്റിനെതിരേ ഗംഭീര വിജയം

325 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 40.2 ഓവറില്‍ 234 റണ്‍സിന് മടങ്ങി. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി.

Update: 2019-01-26 09:45 GMT

ഓവല്‍: മൗണ്ട് മോന്‍ഗനുയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 90 റണ്‍സിന് ഇന്ത്യന്‍ നിര ന്യൂസിലന്‍ഡിനെ തകര്‍ത്തു. ഇന്ത്യക്ക് വിരാട് കോലിയുടെയും സംഘത്തിന്റേയും റിപ്പബ്ലിക് ദിന സമ്മാനമായി മാറി ഈ ഗംഭീര വിജയം. 325 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 40.2 ഓവറില്‍ 234 റണ്‍സിന് മടങ്ങി. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് അടിച്ചെടുത്തു. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ അമ്പാട്ടി റായുഡുവും കോലിയും എം എസ് ധോണിയും കേദര്‍ ജാദവും മികച്ച പ്രകടനം പുറത്തെടുത്തു. ഫെര്‍ഗൂസനും ബൗള്‍ട്ടും രണ്ട് വീതം വിക്കറ്റെടുത്തു

ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണിട്ടത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 25.2 ഓവറില്‍ 154 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 67 പന്തില്‍ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സടിച്ച ധവാന്റെ വിക്കറ്റാണ് ആദ്യം വീണത്. ബൗള്‍ട്ടിന്റെ പന്തില്‍ ലാഥം ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ രോഹിത് ശര്‍മയും ക്രീസ് വിട്ടു. 96 പന്തില്‍ ഒമ്പത് ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും അകമ്പടിയോടെ രോഹിത് 87 റണ്‍സടിച്ചു.  

Tags: