വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി; ഓസിസിന് മൂന്ന് വിക്കറ്റ് ജയം
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ശക്തരായ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ മൂന്നു വിക്കറ്റ് ജയമാണു നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ ആറു പന്തുകള്‍ ബാക്കിനില്‍ക്കെ ഓസീസ് എത്തുകയായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്ന് മൂന്നും വിജയിച്ച ഓസ്‌ട്രേലിയ ഏഴു പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. രണ്ടു വീതം വിജയവും തോല്‍വിയുമുള്ള ഇന്ത്യയാകട്ടെ നാലു പോയിന്റുമായി നാലാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ അലിസ ഹീലിയുടെ ബാറ്റിങ്ങാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 107 പന്തുകള്‍ നേരിട്ട അലിസ ഹീലി മൂന്നു സിക്‌സുകളും 21 ഫോറുകളുമുള്‍പ്പടെ 142 റണ്‍സെടുത്തു. വനിതാ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഓപ്പണര്‍ ഫോബെ ലിച്ച്ഫീല്‍ഡ് (39 പന്തില്‍ 40), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (46 പന്തില്‍ 45) എന്നിവരും തിളങ്ങി. പവര്‍ പ്ലേ ഓവറുകളില്‍ 82 റണ്‍സ് വിക്കറ്റുപോകാതെ അടിച്ചെടുത്ത ഓസീസ് തുടക്കം മുതല്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ മേധാവിത്വം നേടി.
15 ഓവറില്‍ 100 ഉം 31 ഓവറില്‍ 200 ഉം കടന്ന ഓസ്‌ട്രേലിയയെ വിറപ്പിക്കാന്‍ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്കു സാധിച്ചില്ല. ബെത് മൂണി (നാല്), അനബെല്‍ സതര്‍ലന്‍ഡ് (പൂജ്യം) എന്നിവരെ പുറത്താക്കി ഇന്ത്യന്‍ ബോളര്‍മാര്‍ കളിയിലേക്കു തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും 52 പന്തില്‍ 47 റണ്‍സടിച്ചു പുറത്താകാതെനിന്ന എലിസ് പെറി കിം ഗാര്‍ത്തിനെയും കൂട്ടുപിടിച്ച് 49 ഓവറില്‍ ഓസ്‌ട്രേലിയയ്ക്കായി വിജയറണ്‍സ് കുറിച്ചു. ഇന്ത്യയ്ക്കായി ശ്രീചരണി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. അമന്‍ജ്യോത് കൗറും ദീപ്തി ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 48.5 ഓവറില്‍ 330 റണ്‍സടിച്ചു പുറത്തായി. ഓസ്‌ട്രേലിയയ്ക്ക് 331 റണ്‍സ് വിജയലക്ഷ്യം. 66 പന്തില്‍ 80 റണ്‍സെടുത്ത സ്മൃതി മന്ഥനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 96 പന്തുകള്‍ നേരിട്ട ഓപ്പണര്‍ പ്രതിക റാവല്‍ 75 റണ്‍സടിച്ചും പുറത്തായി. 155 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് പ്രതികയും സ്മൃതിയും ചേര്‍ന്ന് ഇന്ത്യയ്ക്കായി കെട്ടിപ്പടുത്തത്.
മൂന്നു സിക്‌സുകളും ഒന്‍പതു ഫോറുകളും ബൗണ്ടറി കടത്തിയ സ്മൃതി, മത്സരത്തിന്റെ 25ാം ഓവറില്‍ സോഫി മോളിനൂക്‌സിന്റെ പന്തില്‍ ഫോബെ ലിച്ഫീല്‍ഡ് ക്യാച്ചെടുത്താണു പുറത്താകുന്നത്. വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സ്മൃതി. 2025 ല്‍ താരത്തിന്റെ 18ാം ഏകദിന മത്സരമായിരുന്നു ഞായറാഴ്ചത്തേത്. ഈ നേട്ടത്തിലെത്താന്‍ സ്മൃതിക്ക് 18 റണ്‍സ് കൂടി മതിയായിരുന്നു. എട്ടാം ഓവറിലെ മൂന്നാം പന്തില്‍ സോഫി മൊളിനുക്‌സിനെ സിക്‌സര്‍ പറത്തിയാണ് സ്മൃതി റെക്കോര്‍ഡ്ബുക്കില്‍ ഇടം പിടിച്ചത്.
വനിതാ ഏകദിനത്തില്‍ 500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമാണ് സ്മൃതി. പിന്നാലെയെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (38), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (22), ജെമീമ റോഡ്രിഗസ് (33), റിച്ച ഘോഷ് (32) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങിയതോടെ സ്‌കോര്‍ 300 കടക്കുകയായിരുന്നു. 9.5 ഓവറുകള്‍ പന്തെറിഞ്ഞ ഓസീസ് താരം അനബെല്‍ സതര്‍ലന്‍ഡ് 40 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. സോഫി മോളിനുക്‌സ് മൂന്നു വിക്കറ്റുകളും വീഴ്ത്തി.

