ഇന്ത്യാ-ദക്ഷിണാഫ്രിക്ക ട്വന്റി-20; സഞ്ജുവിന്റെ ഷോട്ട് കൊണ്ട് അമ്പയര്‍ മൈതാനത്തുവീണു; പരിക്ക്
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ട്വന്റി-20 മല്‍സരത്തിനിടെ അമ്പയര്‍ക്ക് പരിക്കേറ്റു. സഞ്ജു സാംസണിന്റെ ഷോട്ട് കൊണ്ട് അമ്പയര്‍ രോഹന്‍ പണ്ഡിറ്റിനാണ് പരിക്കേറ്റത്. അമ്പയര്‍ മൈതാനത്തുവീണതിന് പിന്നാലെ കളി അല്‍പ്പനേരം തടസ്സപ്പെട്ടു. മല്‍സരത്തില്‍ 22 പന്തില്‍ നിന്ന് 37 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.
ഇന്ത്യന്‍ ഇന്നിങ്സിന്റെ ഒന്‍പതാം ഓവറിലാണ് സംഭവം. സ്പിന്നര്‍ ഡൊണോവന്‍ ഫെരെയ്ര എറിഞ്ഞ ഓവറിലെ നാലാം പന്തിലാണ് അമ്പയര്‍ക്ക് പരിക്കേല്‍ക്കുന്നത്. ഓവറിലെ ആദ്യ രണ്ട് പന്തുകളും തിലക് വര്‍മ ഫോറടിച്ചു. മൂന്നാം പന്തില്‍ സിംഗിളെടുത്തു. നാലാം പന്ത് നേരിട്ട സഞ്ജു നേരേ ബൗളറുടെ നേര്‍ക്കാണ് ഷോട്ടടിച്ചത്. ബൗളറുടെ കൈയ്യില്‍ തട്ടിയശേഷം പന്ത് അമ്പയറുടെ കാല്‍ മുട്ടില്‍ കൊള്ളുകയായിരുന്നു.
പന്ത് കൊണ്ടതിന് പിന്നാലെ പിന്നോട്ട് വലിഞ്ഞ അമ്പയര്‍ മൈതാനത്ത് വീണു. വേദന സഹിക്കാനാവാതെ രോഹന്‍ ചികില്‍സ തേടുകയും ചെയ്തു. ഫിസിയോ സംഘം ഉടന്‍ സ്ഥലത്തെത്തി അമ്പയറെ പരിശോധിച്ചു. സഞ്ജുവും അദ്ദേഹത്തിന്റെ അടുത്തെത്തി. പരിശോധനകള്‍ക്ക് ശേഷം അല്‍പ്പസമയം കഴിഞ്ഞാണ് കളി പുനഃരാരംഭിച്ചത്.