ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ആദ്യ അങ്കത്തിന്; എതിരാളികള്‍ യു എസ്

Update: 2026-02-07 08:07 GMT

മുംബൈ: ട്വന്റി-20 ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ യു എസിനെ നേരിടും. വൈകീട്ട് ഏഴുമുതല്‍ മുംബൈയിലെ വാഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യ ഈയിടെ ന്യൂസീലന്‍ഡിനെതിരായ പരമ്പര 4-1ന് ജയിച്ചാണ് ലോകകപ്പിനെത്തുന്നത്. ബാറ്റിങ്ങില്‍ ഒന്നാം റാങ്കുകാരനായ ഓപ്പണര്‍ അഭിഷേക് ശര്‍മ നല്‍കുന്ന ധൈര്യം ചെറുതല്ല. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ഓപ്പണറായി തിളങ്ങാനാകാത്ത സഞ്ജു സാംസണിന്റെ കാര്യം ആശങ്കയിലാണ്. സഞ്ജുവിന് ബാറ്റുചെയ്യാന്‍ അവസരം കിട്ടിയതുമില്ല. പരിക്കുമാറി തിരിച്ചെത്തിയ തിലക് വര്‍മയ്‌ക്കൊപ്പം ഫിനിഷര്‍ റോളില്‍ റിങ്കു സിങ്, പേസ് ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുമുണ്ട്.

സന്നാഹമല്‍സരത്തിനിടെ പരിക്കേറ്റ പേസ് ബൗളര്‍ ഹര്‍ഷിത് റാണ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തി. അതേസമയം പേസര്‍ ജസ്പ്രീത് ബുംറയും ശനിയാഴ്ച കളിച്ചേക്കില്ല. താരത്തിന് പനിയാണെന്നാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം നെറ്റ്‌സിലെ പരിശീലനത്തിനും ബുംറ ഇറങ്ങിയിരുന്നില്ല. യുഎസ്സിനെതിരേ ബുംറയില്ലാതെയാകും ഇന്ത്യ ഇറങ്ങുക. മറ്റൊരു പേസര്‍ അര്‍ഷ്ദീപ് സിങ്ങും സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുമുണ്ട്. അഭിഷേക്, ഇഷാന്‍, തിലക്, സൂര്യകുമാര്‍, ശിവം ദുബെ, ഹാര്‍ദിക്, റിങ്കു, ബുംറ, അര്‍ഷ്ദീപ്, വരുണ്‍, അക്സര്‍ എന്നിവരായിരിക്കും ഇലവനില്‍. മൊനാങ്ക് പട്ടേല്‍ നയിക്കുന്ന യു എസ്. ടീമില്‍ വലിയൊരു സംഘം ഇന്ത്യന്‍ വംശജരാണ്.