ദുബായിലേക്ക് പറക്കാന്‍ ഇന്ത്യ റെഡി; ഇംഗ്ലണ്ടിനെതിരേ വന്‍ ജയം; പരമ്പര ക്ലീന്‍ സ്വീപ്പ്

Update: 2025-02-12 15:53 GMT

അഹമദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 142 റണ്‍സിന്റെ വന്‍ ജയം. ജയത്തോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 357 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് പട 34.2 ഓവറില്‍ 214 റണ്‍സിന് ഓള്‍ഔട്ടായി. 41 ബോളില്‍ 38 റണ്‍സെടുത്ത ടോം ബാന്റനും 19 ബോളില്‍ 38 റണ്‍സെടുത്ത ഗസ് അറ്റ്കിന്‍സണുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍. അക്സര്‍ പട്ടേല്‍, അര്‍ ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ , ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ സെഞ്ച്വറിയും ശ്രേയസ് അയ്യര്‍, വിരാട് കോഹ്ലി എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. ഒരു റണ്‍സ് മാത്രം നേടി രോഹിത് ശര്‍മ മാത്രമാണ് നിരാശപ്പെടുത്തി. വിരാട് കോഹ്ലി 52 റണ്‍സും ഗില്‍ 112 റണ്‍സും ശ്രേയസ് അയ്യര്‍ 78 റണ്‍സും നേടി പുറത്തായി.

കെ എല്‍ രാഹുല്‍ 40 റണ്‍സ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് നാല് വിക്കറ്റ് നേടി. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യ ഗ്രൗണ്ടിലിറങ്ങിയത്. പേസര്‍ മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്.








Tags: