ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് ഹസ്തദാന വിവാദം; റഫറി പൈക്രോഫ്റ്റിനെ ഒഴിവാക്കണം: ഐസിസിക്ക് പരാതിയുമായി പാകിസ്താന്‍
ദുബായ്: ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് മല്‍സരത്തില്‍ ഇരുടീമും പരസ്പരം ഹസ്തദാനം നല്‍കാത്തത് ഏറെ വിവാദമായിരുന്നു. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ടോസ് നിര്‍ണയ സമയത്തും മല്‍സര ശേഷവും പാക് ടീമംഗങ്ങള്‍ക്ക് ആര്‍ക്കും ഹസ്തദാനം നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് പാക് ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാലിപ്പോള്‍ മല്‍സരം നിയന്ത്രിച്ച റഫറി പൈക്രോഫ്റ്റിനെ ഏഷ്യാകപ്പില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പിസിബി. ഇതുസംബന്ധിച്ച പരാതി പാക് ടീം ഐസിസിക്ക് നല്‍കി. മല്‍സരത്തിന്റെ മാനദണ്ഡങ്ങളും നിയമങ്ങളും ഇന്ത്യന്‍ ടീം ലംഘിച്ചിരിക്കുകയാണ്. ഇത് നിയന്ത്രിക്കേണ്ട റഫറിയും ഇതിനെതിരേ നടപടിയെടുത്തില്ലെന്നാണ് പാക് ടീമിന്റെ ആരോപണം. ഇന്ത്യാ-പാക് മല്‍സരത്തിന് ശേഷം സൂര്യകുമാര്‍ യാദവ് പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ ഡ്രസ്സിങ് റൂമിലേക്ക് പോയത് ഏറെ വിവാദമായിരുന്നു. മല്‍സര ശേഷം ഇരുടീമിന്റെ താരങ്ങളും പരസ്പരം ഹസ്തദാനം നല്‍കണമെന്നത് ഐസിസിയുടെ നിയമത്തിലുള്ളതാണ്.