വനിതാ ലോകകപ്പില്‍ ഇന്ന് ഇന്ത്യാ-പാക് പോര്; ഹസ്തദാനമില്ല

Update: 2025-10-05 06:52 GMT

കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടും. ഏഷ്യാകപ്പ് ട്വന്റി-20യില്‍ ഇന്ത്യ- പാക് പോരാട്ടത്തിലെ വിവാദച്ചൂട് അണയും മുമ്പാണ് വീണ്ടുമൊരു അയല്‍പ്പോര്. ഏഷ്യാകപ്പില്‍ പുരുഷ ടീമായിരുന്നെങ്കില്‍ ഇക്കുറി വനിതാ ടീമാണ്. കൊളംബോ പ്രേമദാസെ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി മുതലാണ് മത്സരം.

ആദ്യമല്‍സരത്തില്‍ ശ്രീലങ്കയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീതും സംഘവും. ലങ്കക്കെതിരെ 59 റണ്‍സിന്റെ വിജയമാണ് നേടിയത്. സ്മൃതി മന്ധാന, പ്രതികാ റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത്, ദീപ്തി ശര്‍മ, അമന്‍ജ്യോത് തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണ്. ലങ്കയ്ക്കെതിരെ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശര്‍മയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി.

ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനോട് 7 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന്റെ ആഘാതത്തിലാണ് പാകിസ്താന്‍ ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും ക്യാപ്റ്റന്‍ സന ഫാത്തിമയാണ് പാകിസ്താന്റെ നെടുന്തൂണ്. വീണ്ടുമൊരു തോല്‍വി വഴങ്ങിയാല്‍ ടൂര്‍ണമെന്റില്‍ പാകിസ്താന്റെ നില പരുങ്ങലിലാകും. സ്പിന്നര്‍മാരായ സാദിയ ഇഖ്ബാല്‍, നഷ്റ സന്ദു എന്നിവരുടെ ഫോം ഔട്ട് പാകിസ്താന് തിരിച്ചടിയാണ്.ഇന്ത്യയും പാകിസ്താനും ഇതുവരെ 27 മല്‍സരങ്ങള്‍ കളിച്ചതില്‍ 24 ലും വിജയം ഇന്ത്യയ്ക്കായിരുന്നു. പാകിസ്താന്‍ ജയിച്ച മൂന്നെണ്ണം ട്വന്റി-20യാണ്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യേണ്ടെന്നാണ് ബിസിസിഐ നിലപാട്.



Tags: