തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ അഞ്ചാം മല്‍സരത്തിനായി ഇരു ടീമുകളും നാളെ തലസ്ഥാനത്തെത്തും.ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് മല്‍സരം. സഞ്ജു സാംസണിന്റെ സാന്നിധ്യം ആരാധകര്‍ക്ക് ആവേശം പകരുന്നുണ്ട്.
വൈകിട്ട് 5 മണിയോടെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ട്രഷറര്‍ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിക്കും.വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം കനത്ത സുരക്ഷാ വലയത്തില്‍ താരങ്ങളെ താമസസ്ഥലത്തേക്ക് എത്തിക്കും. ഇന്ത്യന്‍ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലന്‍ഡ് ടീമിനായി ഹയാത്ത് റീജന്‍സിയിലുമാണ് താമസസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകള്‍, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ലോകകപ്പിന് മുന്നോടിയായുള്ള നിര്‍ണ്ണായക മല്‍സരത്തിന്റെ വേദി. സഞ്ജു അവസാന ഇലവനില്‍ ഇടം നേടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. മല്‍സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും പോലിസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി വിപുലമായ തയ്യാറെടുപ്പുകളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.