ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി-20 നാളെ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് 31ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം. 31ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 12 വരെയാണ് ഗതാഗതക്രമീകരണം. കഴക്കൂട്ടം-അമ്പലത്തിന്‍കര- കാര്യവട്ടം എന്‍എച്ച് റോഡിലും അമ്പലത്തിന്‍കര - കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി - കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരു വശങ്ങളിലും പാര്‍ക്കിങ്ങ് അനുവദിക്കില്ല.
തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാര്യവട്ടം- ത്തിതിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിട്ട് വാഹനഗതാഗതം വഴി തിരിച്ചു വിടും.
ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും കാര്യവട്ടം - ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടുറോഡ്- ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം. ഉള്ളൂര്‍ ഭാഗത്ത് നിന്നും വെട്ടുറോഡ്- ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഉളളൂര്‍- ആക്കുളം -കുഴിവിള വഴി ബൈപ്പാസിലെത്തി പോകണം. കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കാട്ടായിക്കോണം- ചേങ്കോട്ടുകോ?ണം- ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം.
മല്‍സരം കാണാനായി ഇരുചക്ര വാഹനത്തില്‍ വരുന്ന പൊതുജനങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൗണ്ടിലും അമ്പലത്തിന്‍കര ജങ്ഷനിലുള്ള മുസ് ലിം ജമാ അത്തിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടിലും അമ്പലത്തിന്‍കര- ടെക്നോപാര്‍ക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. കാറുകളുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങളില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും വരുന്ന ആള്‍ക്കാര്‍ അള്‍സാജ് കണ്‍വെന്‍ഷന്‍ സെന്റെര്‍ പാര്‍ക്കിങ് ഗ്രൗണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാംപസ് പാര്‍ക്കിങ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
ശ്രീകാര്യം, കാട്ടായിക്കോണം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ കാര്യവട്ടം - പുല്ലാന്നിവിള റോഡിലുളള എല്‍എന്‍സിപിഇ, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, ബി എഡ് കോളേജ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. തിരുവല്ലം, ചാക്ക ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വെണ്‍പാലവട്ടത്തുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്റെ ഗ്രൗണ്ടിലും, കരിക്കകം ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.
കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്റര്‍, വെണ്‍പാലവട്ടത്തുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്റെ ഗ്രൗണ്ട്, കരിക്കകം ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ട് ഏന്നീ സ്ഥലങ്ങളില്‍ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലേക്കും തിരിച്ചു ഗ്രൗണ്ടുകളിലേക്കും ആള്‍ക്കാരെ കൊണ്ടുപോകുന്നതിനായി സജന്യ ഷട്ടില്‍ സര്‍വീസുകള്‍ നടത്തും.
ക്രിക്കറ്റ് മല്‍സരം കഴിഞ്ഞതിന് ശേഷം LNCPE, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തം, ബി എഡ് കോളേജ് എന്നീ ഗ്രൗണ്ടുകളില്‍ നിന്നും ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുല്ലാന്നിവിള- ചേങ്കോട്ടുകോണം- കാട്ടായിക്കോണം- പോത്തന്‍കോട്-മംഗലാപുരം വഴി പോകേണ്ടതാണ്. കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൗണ്ടിലെ വാഹനങ്ങള്‍ തൃപ്പാദപുരം - കുശമുട്ടം- കല്ലിങ്കല്‍ വഴി ബൈപ്പാസിലെത്തി തിരുവനന്തപുരം, ആറ്റിങ്ങള്‍ ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്.
നിര്‍ദ്ദേശിച്ചിട്ടുളള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗതതടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും കഴക്കൂട്ടം വഴി വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം. തിരുവനന്തപുരം സിറ്റി പോലിസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

