രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് തോല്‍വി; അനായാസം ഓസീസ്

Update: 2025-10-31 14:20 GMT

മെല്‍ബണ്‍: രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയ. 4 വിക്കറ്റിനാണ് ഓസീസ് ജയിച്ചു കയറിയത്. ഇന്ത്യ ഉയര്‍ത്തിയ 126 റണ്‍സെന്ന അനായാസ ലക്ഷ്യം ഓസ്ട്രേലിയ 13.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി.ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. താരം 26 പന്തില്‍ 4 സിക്സും 2 ഫോറും സഹിതം 46 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ട്രാവിസ് ഹെഡ് 28 റണ്‍സും കണ്ടെത്തി. ജോഷ് ഇംഗ്ലിസ് 20 റണ്‍സെടുത്തു. ടിം ഡേവിഡ് (1), മിച്ചല്‍ ഓവന്‍ (14), മാത്യു ഷോര്‍ട്ട് (0), എന്നിവരും പുറത്തായി. 6 റണ്ണുമായി മാര്‍ക്കസ് സ്റ്റോയിനിസ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവും 2 വിക്കറ്റ് സ്വന്തമാക്കി. താരം പക്ഷേ ധാരാളിയായി. 20 പന്തെറിഞ്ഞ കുല്‍ദീപ് 45 റണ്‍സ് വഴങ്ങി.

ടോസ് നേടി ഓസീസ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിങ് മറന്ന് ഇന്ത്യ. ഓപ്പണര്‍ അഭിഷേക് ശര്‍മയും ഏഴാമനായി എത്തിയ ഹര്‍ഷിത് റാണയും ഒഴികെ മറ്റെരാല്ലവരും വന്നതും പോയതും എല്ലാം വളരെ പെട്ടെന്നായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടം 18.4 ഓവറില്‍ വെറും 125 റണ്‍സില്‍ അവസാനിച്ചു.

37 പന്തില്‍ 68 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ടോപ് സ്‌കോറര്‍. താരം 8 ഫോറും 2 സിക്സും പറത്തി. ഹര്‍ഷിത് റാണ 33 പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 35 റണ്‍സും കണ്ടെത്തി.ശുഭ്മാന്‍ ഗില്‍ (5), സഞ്ജു സാംസണ്‍ (2), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), തിലക് വര്‍മ (0), അക്ഷര്‍ പട്ടേല്‍ (7), ശിവം ദുബെ (4), കുല്‍ദീപ് യാദവ് (0), ജസ്പ്രിത് ബുംറ (0) എന്നിവരെല്ലാം അതിവേഗം കൂടാരം കയറി.

മലയാളി താരം സഞ്ജു സാംസണ് ബാറ്റിങില്‍ സ്ഥാനക്കയറ്റം കിട്ടി മൂന്നാമതിറങ്ങിയെങ്കിലും തിളങ്ങിയില്ല. വരുണ്‍ ചക്രവര്‍ത്തി പുറത്താകാതെ നിന്നു.ഓപ്പണിങ് ഇറങ്ങിയ അഭിഷേക് ഒന്‍പതാമനായാണ് മടങ്ങിയത്. ടീമിലെ എട്ട് ബാറ്റര്‍മാര്‍ ചേര്‍ന്നു നല്‍കിയത് 19 റണ്‍സ് മാത്രം. അഭിഷേകും ഹര്‍ഷിതും ചേര്‍ന്നു 103 റണ്‍സും എക്സ്ട്രാ ഇനത്തില്‍ കിട്ടിയ 3 റണ്‍സും ചേര്‍ത്താണ് ഇന്ത്യയുടെ 125 റണ്‍സ്.

ഓസ്ട്രേലിയക്കായി 4 ഓവറില്‍ 13 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു ജോഷ് ഹെയ്സല്‍വുഡ് ഇന്ത്യയെ തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നു. സേവ്യര്‍ ബാര്‍ട്ലെറ്റ്, നതാന്‍ എല്ലിസ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. മാര്‍ക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റെടുത്തു.