അണ്ടര്‍-19 ഏഷ്യാകപ്പില്‍ പാകിസ്താനെതിരേ 191 റണ്‍സ് തോല്‍വി; ടീം മാനേജ്മെന്റിനോട് വിശദീകരണം തേടും
ന്യൂഡല്‍ഹി: അണ്ടര്‍-19 ഏഷ്യാകപ്പില്‍ പാകിസ്താനോടേറ്റ തോല്‍വിക്ക് പിന്നാലെ കടുത്ത നടപടികളുമായി ബിസിസിഐ. സാധാരണഗതിയില്‍ നടക്കുന്ന അവലോകന ചര്‍ച്ചകള്‍ക്ക് പുറമേ ടീം മാനേജ്മെന്റിനോട് വിശദീകരണം തേടാനാണ് ബിസിസിഐ തീരുമാനം. മുഖ്യ പരിശീലകന്‍, ക്യാപ്റ്റന്‍ എന്നിവരുമായി പ്രത്യേകം ചര്‍ച്ചകളും നടത്തിയേക്കും. ഫൈനലില്‍ 191 റണ്‍സിന്റെ വന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.
ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം ടൂര്‍ണമെന്റിലെ ഇന്ത്യയുടെ പ്രകടനം പ്രത്യേകമായി വിലയിരുത്താനാണ് ബിസിസിഐയുടെ തീരുമാനം. സാധാരണ ഗതിയില്‍ ഉണ്ടാകാറുള്ള റിവ്യൂ മീറ്റിങ്ങിന് പുറമേയാണിത്. മാത്രമല്ല ടീം മാനേജ്മെന്റിനോട് വിശദീകരണം നേടാനും തീരുമാനിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നടന്ന ഓണ്‍ലൈന്‍ അപെക്‌സ് കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അംഗങ്ങള്‍ ടൂര്‍ണമെന്റിലെ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം ചര്‍ച്ച ചെയ്തു. ടീം മാനേജ്മെന്റില്‍ നിന്ന് വിശദീകരണം തേടേണ്ട ആവശ്യമുണ്ടെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണയായി ടൂര്‍ണമെന്റുകള്‍ക്ക് ശേഷം ടീം മാനേജര്‍ എപ്പോഴും ബിസിസിഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ബിസിസിഐ അതിനപ്പുറമുള്ള അസാധാരണ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് വിവരം. മുഖ്യ പരിശീലകന്‍ ഋഷികേശ് കനിത്കര്‍, ക്യാപ്റ്റന്‍ ആയുഷ് മാത്രെ എന്നിവരുമായി ചര്‍ച്ചകള്‍ നടത്താനും സാധ്യതയുണ്ട്. അതേസമയം പാക് താരങ്ങളുമായി മാത്രെയും വൈഭവ് സൂര്യവംശിയും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത് ചര്‍ച്ചയുടെ ഭാഗമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കാനിരിക്കുന്ന അണ്ടര്‍-19 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീം.
ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടും ഫൈനലില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പാക് ടീം ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ പോരാട്ടം 26.2 ഓവറില്‍ 156 റണ്‍സിന് അവസാനിച്ചു. 191 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ പാക് യുവനിര ഏഷ്യാ കപ്പ് കിരീടമണിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു.
