റാഞ്ചിക്ക് മറുപടി റായ്പൂരില്‍; കൂറ്റന്‍ റണ്‍മല താണ്ടി പ്രോട്ടീസ്; ഇന്ത്യക്ക് തോല്‍വി
റായ്പുര്‍: റായ്പൂര്‍ ഏകദിനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുടച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യ അടിച്ചുകൂട്ടിയ 359 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഒരോ വിജയം നേടി സമനിലയിലായി. കോഹ്ലി, ഗെയ്ക്വാദ് എന്നിവരുടെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ വന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എയ്ഡന്‍ മാര്‍ക്രം സെഞ്ചുറി തികച്ച് ഇന്ത്യക്ക് പ്രതിരോധം തീര്‍ത്തു. മാത്യു ബ്രീറ്റ്‌സ്‌കെയും ഡെവാള്‍ഡ് ബ്രവിസും അര്‍ധസെഞ്ചുറിയുമായി പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ന്നടിയുകയായിരുന്നു. ആവേശകരമായ മത്സരത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തത്.
തകര്‍ച്ചയോടെയായിരുന്നു രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടങ്ങിയത്. എട്ടുറണ്‍സ് മാത്രമാണ് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന് നേടാനായത്. രണ്ടാം വിക്കറ്റില്‍ നായകന്‍ തെംബ ബാവുമയും എയ്ഡന്‍ മാര്‍ക്രമും പ്രതിരോധിച്ച് നിന്നു. പതിയെ സ്‌കോര്‍ ഉയര്‍ത്തിയ ഇരുവരും 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.
ക്യാപ്റ്റന്‍ ബാവുമ പുറത്തായതോടെ നാലാമനായിറങ്ങിയ മാത്യു ബ്രീറ്റ്‌സ്‌കെയ്ക്കൊപ്പം മാര്‍ക്രം ഇന്ത്യയ്ക്ക് എതിരായ ആക്രമണം കടുപ്പിക്കുകയായിരുന്നു. 29-ാം ഓവറില്‍ പുറത്താകുമ്പോള്‍ 98 പന്തില്‍ നിന്ന് 110 റണ്‍സും മാര്‍ക്രം സ്വന്തമാക്കിയിരുന്നു. നാലാം വിക്കറ്റില്‍ ബ്രീറ്റ്‌സ്‌കെയും ഡെവാള്‍ഡ് ബ്രവിസും കരുതലോടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 34 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ബ്രവിസ്, 68 റണ്‍സെടുത്ത ബ്രീറ്റ്‌സ്‌കെ എന്നിവരും ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ബോര്‍ഡ് 300 കടത്തി. മാര്‍കോ യാന്‍സന് രണ്ടു റണ്‍സ് മാത്രമാണ് നേടാനായത്. പരിക്കേറ്റ ടോണി ഡി സോര്‍സി (17) പുറത്തുപോയെങ്കിലും കോര്‍ബിന്‍ ബോഷും(29) കേശവ് മഹാരാജും(10) ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.
നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. വിരാട് കോഹ് ലിയുടെയും ഋതുരാജ് ഗെയ്ക്വാദിന്റെയും സെഞ്ചുറി ഇന്നിങ്സാണ് ഇന്ത്യക്ക് കരുത്തായത്.
