ഇഞ്ചോടിഞ്ച് പോരാട്ടം, സൂപ്പര്‍ ത്രില്ലറില്‍ പ്രോട്ടീസിനെ വീഴ്ത്തി ഇന്ത്യക്ക് ജയം
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 17 റണ്‍സ് വിജയം. കോഹ് ലിയുടെ സെഞ്ചുറി ഇന്നിങ്സിന്റെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 49.2 ഓവറില്‍ 332 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 80 പന്തില്‍ 72 റണ്‍സെടുത്ത മാത്യു ബ്രിറ്റ്‌സ്‌കിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
39 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് മാര്‍ക്കോ യാന്‍സന്‍ തകര്‍പ്പന്‍ ഇന്നിങ്സ് കാഴ്ചവെച്ചു. ടോണി ബേ(36 പന്തില്‍ 35), ബ്രെവിസ്(28 പന്തില്‍ 37), കോര്‍ബിന്‍ ബോഷ്(51 പന്തില്‍ 67) എന്നിവരും ദേദപ്പെട്ട ഇന്നിങ്സ് കാഴ്ചവെച്ചു.അവസാന ഓവറില്‍ 18 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പ്രസിദ്ധിന്റെ ആദ്യ പന്തില്‍ ബോഷിന് റണ്‍സെടുക്കാന്‍ സാധിച്ചില്ല. രണ്ടാം പന്തില്‍ പുറത്താവുകയും ചെയ്തതോടെ ഇന്ത്യ 17 റണ്‍സിന് ജയിച്ചു. നേരത്തെ മുന്‍നിരയയുടെ പരാജയമാണ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയത്. രണ്ടാം ഓവറില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ (0), ക്വിന്റണ്‍ ഡി കോക്ക് (0) എന്നിവരെ പുറത്താക്കി ഹര്‍ഷിത് റാണ ദക്ഷിണാഫ്രിക്കയെ ബാക്ക് ഫൂട്ടിലാക്കി. എയ്ഡന്‍ മാര്‍ക്രമിനെ (7) അര്‍ഷ്ദീപ് സിംഗും പുറത്താക്കിയതോടെ മൂന്നിന് 11 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.
തുടര്‍ന്ന് ടോണി ഡി സോര്‍സി (39) ബ്രീറ്റ്സ്‌കെ സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു. സോര്‍സിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവാണ് ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. പിന്നാലെ ഡിവാള്‍ഡ് ്രേബവിസ് (37), ബ്രീറ്റ്സ്‌കെയോടൊപ്പം 53 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ ബ്രേവിസ് റാണയുടെ പന്തില്‍ പുറത്തായി. ഇതോടെ അഞ്ചിന് 130 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. ഇന്ത്യ അനായാസം ജയിക്കുമെന്നിരിക്കെ യാന്‍സന്‍ - ബോഷ് സഖ്യം 97 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. യാന്‍സന്‍ ആയിരുന്നു ഏറെ അപകടകാരി. 34-ാം ഓവറില്‍ യാന്‍സന്‍ പുറത്തായതാണ് ഇന്ത്യക്ക് നേട്ടമായത്.
39 പന്തില്‍ മൂന്ന് സിക്സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെ 70 റണ്‍സെടുത്ത യാന്‍സനെ കുല്‍ദീപ് മടക്കുകയായിരുന്നു. തുടര്‍ന്നെത്തിയ പ്രണാളന്‍ സുബ്രായന്‍ (17), നന്ദ്രേ ബര്‍ഗര്‍ (17) എന്നിവര്‍ ബോഷിനൊപ്പം ചേര്‍ന്ന് ശ്രമിച്ച് നോക്കിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ഒറ്റ്നീല്‍ ബാര്‍ട്ട്മാന്‍ (0) പുറത്താവാതെ നിന്നു.
നേരത്തെ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 349 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 120 പന്തില്‍ 135 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 102 പന്തില്‍ നിന്നാണ് താരം മൂന്നക്കം തൊട്ടത്.സെഞ്ചുറിയോടെ സച്ചിന്റെ റെക്കോഡും കോഹ് ലി തിരുത്തിയെഴുതി. ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടമാണ് കോഹ് ലി സ്വന്തം പേരിലാക്കിയത്. 56 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍, 51 പന്തില്‍ 57 റണ്‍സ് നേടിയ രോഹിത് ശര്‍മ എന്നിവരും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.
ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. 18 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. പത്തോവര്‍ അവസാനിക്കുമ്പോള്‍ 80-1 എന്ന നിലയിലായിരുന്നു ടീം. 20 ഓവറില്‍ ഇന്ത്യ 153 ലെത്തി. 161 റണ്‍സില്‍ നില്‍ക്കെയാണ് രോഹിത് പുറത്താകുന്നത്. . 22ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നു സിക്സും അഞ്ച് ഫോറുമാണ് രോഹിത്തിന്റെ ബാറ്റില്‍നിന്നു പിറന്നത്. പിന്നീടെത്തിയ ഗെയ്ക്വാദും (14 പന്തില്‍ 8), വാഷിങ് ടണ്‍ സുന്ദര്‍(13) എന്നിവര്‍ നിരാശപ്പെടുത്തി.
38ാം ഓവറില്‍ സെഞ്ച്വറി തികച്ച കോഹ് ലി അടുത്ത ഓവറില്‍ തകര്‍ത്തടിച്ചു. രണ്ട് വീതം ഫോറും സിക്‌സും നേടിയതോടെ ഓവറില്‍ ഇന്ത്യ 21 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ 43-ാം ഓവറില്‍ കോഹ് ലിയെ നാന്ദ്രെ ബര്‍ഗര്‍ പുറത്താക്കി. 120 പന്തില്‍ നിന്ന് 11 ഫോറുകളുടെയും ഏഴു സിക്‌സറിന്റെയും അകമ്പടിയോടെ 135 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ടീമിനെ മുന്നൂറ് കടത്തി. ക്യാപ്റ്റനായെത്തിയ മത്സരത്തില്‍ രാഹുല്‍ അര്‍ധസെഞ്ചുറിയോടെ തിളങ്ങി. രാഹുല്‍ 56 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് പുറത്തായി. ജഡേജ 20 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു.

