കറാച്ചി: 2025 ലെ ഏഷ്യാ കപ്പിനിടെ ടീം ഇന്ത്യ സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ ലംഘനം നടത്തിയെന്ന് ആരോപിച്ച് പാകിസ്താന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ലാഹോറില്‍ ഒരു മാധ്യമ സംവാദത്തിനിടെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും പലചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ചിരവൈരികള്‍ തമ്മിലുള്ള ബന്ധം അതീവ വഷളായതിനാണ് 2025 ലെ ഏഷ്യാ കപ്പ് സാക്ഷ്യം വഹിച്ചത്.
ഇരുടീമും നേര്‍ക്കുനേര്‍ വന്ന മൂന്ന് മല്‍സരങ്ങളിലും, ഇന്ത്യന്‍ കളിക്കാര്‍ മല്‍സരശേഷം പാകിസ്താന്‍ കളിക്കാരുമായുള്ള ഹസ്തദാനം ഒഴിവാക്കിയിരുന്നു. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്നുള്ള പ്രതീകാത്മക പ്രതിഷേധമായും ഇന്ത്യന്‍ സായുധ സേനയോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമായും ഈ നീക്കം വിലയിരുത്തപ്പെട്ടു. അതേസമയം, ഇന്ത്യയിലെ ആളുകളില്‍ സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ അഭാവമുണ്ടെന്ന് ഷഹീന്‍ അഫ്രീദി പറഞ്ഞു.
''അതിര്‍ത്തിക്കപ്പുറത്തുള്ള ആളുകള്‍ സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ ലംഘനം നടത്തി. ഞങ്ങളുടെ ജോലി ക്രിക്കറ്റ് കളിക്കുക എന്നതാണ്, അത് ഇപ്പോഴും എപ്പോഴും ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. ഞങ്ങള്‍ ഇതിന് മൈതാനത്ത് മറുപടി നല്‍കും,'' ഷഹീന്‍ പറഞ്ഞു. ലോകകപ്പില്‍ ഫെബ്രുവരി 15നു കൊളംബോയിലാണ് ഇന്ത്യ-പാക് പോരാട്ടം. ഈ വര്‍ഷം ഇരുടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണിത്.