ഡല്‍ഹി ടെസ്റ്റില്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം; പരമ്പര സ്വന്തം
ഹൈദരാബാദ്: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. വെസ്റ്റ്ഇന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയമുറപ്പിക്കുകയായിരുന്നു. ജയത്തോടെ രണ്ടു മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. കെ എല്‍ രാഹുല്‍ 58 റണ്‍സും ധ്രുവ് ജുറേല്‍ 6 റണ്‍സുമായി പുറത്താകാതെ നിന്നു. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. 2022 നും 2025 നും ഇടയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായി 10 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ ഇതിനകം വിജയിച്ചത്. ഏതെങ്കിലും ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പര വിജയങ്ങള്‍ എന്ന റെക്കോര്‍ഡില്‍ ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ഇന്ത്യയെത്തി.
121 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 63 എന്ന നിലയിലായിരുന്നു. യശസ്വി ജയ്‌സ്വാളിന്റെ (8) വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്. അഞ്ചാം ദിനം കളി തുടങ്ങിയപ്പോള്‍ സായ് സുദര്‍ശനാണ് തുടക്കത്തില്‍ തന്നെ പുറത്തായത്. 39 റണ്‍സടുത്ത താരം റോസ്റ്റന്‍ ചെയ്‌സിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.
പിന്നാലെ 13 റണ്‍സെടുത്ത ഗില്ലിനെ റോസ്റ്റന്‍ ചെയ്‌സിന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് ക്യാച്ചെടുത്തു പുറത്താക്കി. നാലാം ദിനം 2ന് 173 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് 390 റണ്‍സെടുത്താണ് പുറത്തായത്. 115 റണ്‍സെടുത്ത ജോണ്‍ കാംബെല്‍, 103 റണ്‍സെടുത്ത ഷായ് ഹോപ് എന്നിവരുടെ ഇന്നിങ്‌സുകളാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ട് ഇന്നിങ്സുകളിലായി കുല്‍ദീപ് എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം 82 റണ്‍സ് വഴങ്ങി രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ഒന്നാം ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ (175), ശുഭ്മന്‍ ഗില്‍ (129) എന്നിവരുടെ സെഞ്ചുറി ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 87 റണ്‍സെടുത്ത സായ് സുദര്‍ശന്‍ അര്‍ധ സെഞ്ചുറി തികച്ചു. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 248ന് പുറത്തായതോടെയാണ് അവരെ ഫോളോ ഓണിന് അയച്ചത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 140 റണ്‍സിനുമാണു വിജയിച്ചത്.
