റായ്പൂരില്‍ ഇന്ത്യക്ക് ന്യൂസിലന്റിനെതിരേ ഏഴ് വിക്കറ്റ് ജയം; 92 പന്തില്‍ അടിച്ചെടുത്തത് 209 റണ്‍സ്
റായ്പുര്‍:ട്വന്റി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ കിവീസിനെതിരേ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. കിവീസ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടിവന്നത് 15.2 ഓവറുകള്‍ മാത്രം. നഷ്ടപ്പെട്ടത് മൂന്ന് വിക്കറ്റുകളും. ജയം 28 പന്തുകള്‍ ബാക്കിനില്‍ക്കേ. ഇഷാന്‍ കിഷന്റെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സുകളാണ് ജയം അനായാസമാക്കിയത്. നാളുകള്‍ക്ക് ശേഷം ഫോം വീണ്ടെടുത്ത സൂര്യ 37 പന്തില്‍ നിന്ന് 82 റണ്‍സോടെ പുറത്താകാതെ നിന്നു. നാല് സിക്സും ഒമ്പത് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. സൂര്യ തന്നെയാണ് ടോപ് സ്‌കോററും. 32 പന്തുകള്‍ നേരിട്ട ഇഷാന്‍ നാല് സിക്സും 11 ഫോറുമടക്കം 76 റണ്‍സെടുത്തു. 18 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിവം ദുബെയും കിവി വധത്തില്‍ പങ്കാളിയായി.
209 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ സഞ്ജു സാംസണിനെ നഷ്ടമായിരുന്നു. ഓവറിലെ രണ്ടാം പന്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട സഞ്ജു അഞ്ചാം പന്തില്‍ പുറത്തായി. സഞ്ജുവിന്റെ ക്യാച്ച് ബൗണ്ടറി ലൈനിനടുത്തുനിന്ന് കോണ്‍വേ വിട്ടുകളയുകയും സിക്‌സറായി മാറുകയും ചെയ്തു. അഞ്ചാം പന്തില്‍ പക്ഷേ സഞ്ജു(6) രചിന്‍ രവീന്ദ്രയുടെ കൈകളിലൊതുങ്ങി. രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.
എന്നാല്‍ ഇഷാന്‍ കിഷന്റെ വെടിക്കെട്ടിനാണ് പിന്നീട് മൈതാനം സാക്ഷ്യം വഹിച്ചത്. കിവീസ് ബൗളര്‍മാരെ തകര്‍ത്തടിച്ച ഇഷാന്‍ ടീം സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. സൂര്യകുമാര്‍ യാദവിനെ ഒരുവശത്ത് നിര്‍ത്തി ഒറ്റയ്ക്കാണ് കിഷന്‍ ടീമിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റില്‍ ഇഷാന്‍ - സൂര്യ സഖ്യം വെറും 48 പന്തില്‍ നിന്ന് 122 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ഈ കൂട്ടുകെട്ടാണ്. ഇഷാന്‍ പുറത്തായ ശേഷമെത്തിയ ദുബെയെ കൂട്ടുപിടിച്ച് സൂര്യ 37 പന്തില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍ ന്യൂസിലന്‍ഡ് ആറുവിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തിരുന്നു. രചിന്‍ രവീന്ദ്രയും ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുമാണ് കിവീസിനായി തിളങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയും ടിം സെയ്‌ഫേര്‍ട്ടും ആദ്യ ഓവറുകളില്‍ തന്നെ തകര്‍ത്തടിച്ചു. ടീം മൂന്നോവറില്‍ 43 റണ്‍സിലെത്തി. ഒന്‍പത് പന്തില്‍ നിന്ന് 19 റണ്‍സെടുത്ത കോണ്‍വേയെ പുറത്താക്കി ഹര്‍ഷിത് റാണ കിവീസിന്റെ ആദ്യ വിക്കറ്റ് പിഴുതു. പിന്നാലെ വരുണ് ചക്രവര്‍ത്തി ഇഷാന്‍ കിഷനെയും മടക്കി. 13 പന്തില്‍ നിന്ന് 24 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
മൂന്നാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സും രചിന്‍ രവീന്ദ്രയും ചേര്‍ന്നാണ് പിന്നീട് സ്‌കോറുയര്‍ത്തിയത്. ഹര്‍ഷിത് റാണയുടെ ആറാം ഓവറില്‍ 19 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. ഇരുവരും ചേര്‍ന്ന് ടീമിനെ എട്ടോവറില്‍ 84 റണ്‍സിലെത്തിച്ചു. കുല്‍ദീപ് എറിഞ്ഞ ഒന്‍പതാം ഓവറിലെ ആദ്യ നാല് പന്തുകളില്‍ നിന്ന് 14 റണ്‍സ് അടിച്ചെടുത്ത ഫിലിപ്‌സ് അഞ്ചാം പന്തില്‍ പുറത്തായി. താരം 13 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു.
ക്രീസില്‍ നിലയുറപ്പിച്ച രചിന്‍ രവീന്ദ്ര ഇന്ത്യന്‍ ബൗളര്‍മാരെ മാറി മാറി പ്രഹരിച്ചതോടെ ടീം 11 ഓവറില്‍ 120 റണ്‍സിലെത്തി. ഡാരില്‍ മിച്ചല്‍ 18 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ 13-ാം ഓവറില്‍ രചിന്‍ രവീന്ദ്രയും കൂടാരം കയറി. 26 പന്തില്‍ നിന്ന് രണ്ട് ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടെ 44 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് മിച്ചല്‍ സാന്റ്‌നറിന്റെ ഇന്നിങ്‌സാണ് ടീമിനെ 180 കടത്തിയത്. സാന്റ്‌നര്‍ 27 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. ഒടുക്കം 208 റണ്‍സിന് കിവീസ് ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ടുവിക്കറ്റെടുത്തു.

