കിവികള്‍ക്കെതിരേ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; കോഹ് ലിക്ക് സെഞ്ചുറി നഷ്ടം
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത കിവീസ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയ റണ്‍സ് കുറിച്ചു. 91 പന്തില്‍ 93 റണ്‍സെടുത്തു പുറത്തായ വിരാട് കോഹ് ലിയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (71 പന്തില്‍ 56) അര്‍ധ സെഞ്ചുറി നേടി. ശ്രേയസ് അയ്യര്‍ (47 പന്തില്‍ 49), കെ എല്‍ രാഹുല്‍ (21 പന്തില്‍ 29), ഹര്‍ഷിത് റാണ (23 പന്തില്‍ 29), രോഹിത് ശര്‍മ (29 പന്തില്‍ 26) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
വിജയത്തോടെ മൂന്നു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. മറുപടി ബാറ്റിങ്ങില്‍ സ്‌കോര്‍ 39 ല്‍ നില്‍ക്കെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. കൈല്‍ ജാമീസണിന്റെ പന്തില്‍ മിച്ചല്‍ ബ്രേസ്വെല്ലിന്റെ ക്യാച്ചിലായിരുന്നു രോഹിതിന്റെ മടക്കം. രണ്ടു സിക്‌സും മൂന്നു ഫോറും അടിച്ച് മികച്ച ഫോമില്‍ കളിക്കുകയായിരുന്ന രോഹിതിന്റെ പുറത്താകല്‍ അപ്രതീക്ഷിതമായിരുന്നു. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കോഹ്‌ലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ 16.1 ഓവറില്‍ (97 പന്തുകള്‍) 100 പിന്നിട്ടു.
കോഹ്‌ലിയും ഗില്ലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടാണ് (118) ഇന്ത്യയ്ക്കായി പടുത്തുയര്‍ത്തിയത്. സ്‌കോര്‍ 157ല്‍ നില്‍ക്കെ ഗില്ലിനെ ഇന്ത്യന്‍ വംശജനായ കിവീസ് സ്പിന്നര്‍ ആദിത്യ അശോക് ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈകളിലെത്തിച്ചു. 44 പന്തുകളില്‍നിന്നാണ് കോഹ്‌ലി 50 കടന്നത്. അര്‍ധസെഞ്ചറിയിലെത്താന്‍ ആറു ഫോറുകള്‍ മാത്രമായിരുന്നു കോഹ്‌ലി നേടിയത്. ഗില്ലിനു പിന്നാലെയെത്തിയ ശ്രേയസ് അയ്യരും തകര്‍ത്തടിച്ചതോടെ ഇന്ത്യ അനായാസം 200 കടന്നു.
സ്‌കോര്‍ 234ല്‍ നില്‍ക്കെ കോഹ്‌ലിയും, 239 ല്‍ രവീന്ദ്ര ജഡേജയും 242 ല്‍ ശ്രേയസ് അയ്യരും പുറത്തായത് മത്സരത്തില്‍ ന്യൂസീലന്‍ഡിനു പ്രതീക്ഷ നല്‍കി. എന്നാല്‍ ഹര്‍ഷിത് റാണ നിലയുറപ്പിച്ചത് ഇന്ത്യയ്ക്കു കരുത്തായി. 23 പന്തുകള്‍ നേരിട്ട റാണ 29 റണ്‍സെടുത്തു. അവസാന രണ്ടോവറില്‍ 12 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. 48ാം ഓവറിലെ ആറാം പന്ത് സിക്‌സര്‍ തൂക്കി കെ എല്‍ രാഹുല്‍ ഇന്ത്യയുടെ വിജയമുറപ്പിക്കുകയായിരുന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോഹലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്‌സുകളില്‍നിന്നാണ് കോഹ്‌ലി 28,000 റണ്‍സിലെത്തിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് 28,000 കടക്കാന്‍ 644 ഇന്നിങ്‌സുകളാണു വേണ്ടിവന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ 28,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു വിരാട് കോഹ്‌ലി. സച്ചിനും കോഹ്‌ലിക്കും പുറമേ ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ 666 ഇന്നിങ്‌സുകള്‍ എടുത്താണ് സംഗക്കാര 28,000 റണ്‍സ് നേട്ടം പിന്നിട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ കിവീസ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ (71 പന്തില്‍ 84), ഹെന്റി നിക്കോള്‍സ് (69 പന്തില്‍ 62), ഡെവോണ്‍ കോണ്‍വെ (67 പന്തില്‍ 56) എന്നിവര്‍ അര്‍ധസെഞ്ചറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും ഹെന്റി നിക്കോള്‍സും ചേര്‍ന്നു നല്‍കിയത്. ഇരുവരും അര്‍ധസെഞ്ചുറി നേടിയതോടെ സ്‌കോര്‍ 100 ഉം കടന്നു മുന്നേറി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പരിശ്രമിച്ചുനോക്കിയെങ്കിലും ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റു വീഴ്ത്തിയത് ഹര്‍ഷിത് റാണ.
മല്‍സരത്തിന്റെ 22ാം ഓവറില്‍ നിക്കോള്‍സിനെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ പിടിച്ചെടുത്തതോടെ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടം. പിന്നാലെ കോണ്‍വെയെ ബോള്‍ഡാക്കിയ ഹര്‍ഷിത് മല്‍സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി. മധ്യനിരയില്‍ വില്‍ യങ് (16 പന്തില്‍ 12), ഗ്ലെന്‍ ഫിലിപ്‌സ് (19 പന്തില്‍ 12), മിച്ചല്‍ ഹെ (13 പന്തില്‍ 18), ക്യാപ്റ്റന്‍ മിച്ചല്‍ ബ്രേസ്‌വെല്‍ (18 പന്തില്‍ 16) എന്നിവരെല്ലാം ചെറിയ സ്‌കോറുകള്‍ക്കു പുറത്തായപ്പോള്‍ അര്‍ധ സെഞ്ചുറി നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസീലന്‍ഡിനു രക്ഷയായത്.
മൂന്ന് സിക്‌സുകളും അഞ്ച് ഫോറുകളും ബൗണ്ടറി കടത്തിയ ഡാരില്‍ മിച്ചല്‍ പ്രസിദ്ധ് കൃഷ്ണയുടെ 48ാം ഓവറിലെ നാലാം പന്തില്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ന്യൂസീലന്‍ഡ് സ്‌കോര്‍ 280 കടന്നിരുന്നു. വാലറ്റത്ത് ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കും തിളങ്ങിയതോടെ (17 പന്തില്‍ 24) കിവീസ് 300 തൊട്ടു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുല്‍ദീപ് യാദവിനും ഒരു വിക്കറ്റുണ്ട്.

