ഇന്ത്യ- ബംഗ്ലാദേശ് വനിതാ ഏകദിന പരമ്പര മാറ്റിവച്ചു

Update: 2025-11-19 06:37 GMT

ന്യൂഡല്‍ഹി: ഡിസംബറില്‍ നടക്കാനിരുന്ന ഇന്ത്യ - ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റിവച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മല്‍സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്. പരമ്പരയുടെ ഷെഡ്യൂള്‍ പിന്നീട് അറിയിക്കുമെന്ന് ബിസിസിഐയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയച്ചു.

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ സന്ദര്‍ശനം നീട്ടിയതിന് പിന്നിലെ കാരണം ഔദ്യോഗികമായി ബിസിസിഐ വിശദീകരിച്ചിട്ടില്ല. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഐസിസിയുടെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായ പരമ്പര, വനിതാ പ്രീമിയര്‍ ലീഗിന് (ഡബ്ല്യുപിഎല്‍) മുന്‍പുള്ള ഇന്ത്യയുടെ ഏക മല്‍സരമായിരുന്നു.

എന്നാല്‍, ബിസിബിയും ബിസിസിഐയും സംയുക്തമായാണ് പരമ്പര നീട്ടിവയ്ക്കാനുള്ള തീരുമാനം എടുത്തത് എന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. പര്യടനത്തിനുള്ള പുതുക്കിയ തിയ്യതികളും മല്‍സരക്രമങ്ങളും യഥാസമയം പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.